06 December Monday

തുള്ളിക്കൊരുകുടം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

 സ്വന്തം ലേഖിക 

കോഴിക്കോട്‌
ജില്ലയെ വെള്ളത്തിൽ മുക്കി എങ്ങും കനത്ത മഴ. നഗര–- ഗ്രാമ മേഖലകളിൽ രാപകൽ വ്യത്യാസമില്ലാതെ പെയ്‌ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങളാകെ വെള്ളത്തിലായി.  വിവിധയിടങ്ങളിലായി  ഏക്കർ കണക്കിന്‌ കൃഷിയിടങ്ങൾ നശിച്ചു. മരംവീണും മണ്ണിടിഞ്ഞും പലയിടത്തും അപകടങ്ങളുണ്ടായി.  മിഠായി തെരുവിൽ ഉൾപ്പെടെ വെള്ളം കയറി കടയിലെ സാധനങ്ങൾ നശിച്ചു.  കോഴിക്കോട്‌, താമരശേരി താലൂക്കുകളിലായി രണ്ട്‌ വീട്‌ പൂർണമായി  തകർന്നു. ആർക്കും പരിക്കില്ല. 19 വീടുകളാണ്‌ ഭാഗികമായി തകർന്നത്‌. 65 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നഗരമേഖലയിൽ ചിലയിടങ്ങളിൽ കടലാക്രമണമുണ്ടായി.
    തിങ്കളാഴ്‌ച വൈകിട്ടോടെ ശക്തിപ്രാപിച്ച മഴ രാത്രിയോടെ കനത്തു. കോഴിക്കോട്‌ മാവൂർ റോഡ്‌ പൂർണമായി വെള്ളത്തിൽ മുങ്ങി. ചൊവ്വാഴ്‌ച രാവിലെ ഏറെനേരം ഗതാഗതം സ്‌തംഭിച്ചു.   കോയറോഡ്‌, പുതിയങ്ങാടി, ചുങ്കം ഭാഗങ്ങളിൽ ഉച്ചവരെ ശക്തമായ കടലാക്രമണമുണ്ടായി. കടലോരത്ത്‌ താമസിക്കുന്ന 75 പേരെ കോയറോഡ്‌ ഗവ. യുപി സ്‌കൂളിലേക്ക്‌ മാറ്റി. തടമ്പാട്ട് താഴം സമീന ഓയിൽ മില്ലിൽ വെള്ളം കയറി കൊപ്ര നശിച്ചു. 
     മൂഴിക്കൽ, ചെലവൂര്‍,  മുണ്ടിക്കൽ താഴം, ചേളന്നൂർ, പാലത്ത്‌, കാക്കൂർ, മാവൂർ, കുന്നമംഗലം, നല്ലളം, ഫറോക്ക്‌, രാമനാട്ടുകര  തുടങ്ങിയ   സ്ഥലങ്ങളിൽ നൂറിലേറെ  വീടുകളില്‍ വെള്ളം കയറി.   
നല്ലളം ബാംബു ഹൈടെക്‌ ഫാക്ടറി വെള്ളത്തിലായി. രാമനാട്ടുകരയിൽ മൂന്നിടത്ത്‌ മണ്ണിടിച്ചിലുണ്ടായി. കൊയിലാണ്ടി മേഖലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു. മുചുകുന്ന്‌ വലിയ രാരോത്ത്‌ ദിനേശന്റെ കിണർ താഴ്‌ന്നു. പയ്യോളി അങ്ങാടിക്കടുത്ത്‌ ചരിച്ചിൽ പള്ളിക്ക്‌ സമീപം നിർമാണത്തിലിരുന്ന ബണ്ട്‌ പുഴയിലേക്ക്‌ ഇടിഞ്ഞുവീണു. തുറയൂർ തിരിക്കോട്ടുംമുകളിൽ കുഞ്ഞിക്കണ്ണന്റെ വീടിന്റെ പിൻഭാഗത്ത്‌ മണ്ണിടിഞ്ഞുവീണു. 
കിണറും അലങ്കാരമത്സ്യ വളർത്തുകേന്ദ്രവും മണ്ണിനടിയിലായി. 
   പൂനൂര്‍ പുഴയുടെ ഭിത്തി  ഇടിഞ്ഞ്‌ പത്ത് വീടുകള്‍ അപകടാവസ്ഥയിലായി. 21  വീടുകളുടെ ചുറ്റുമതിൽ തകർന്നു.  
ചോറോട്‌ കൈനാട്ടിക്കടുത്ത്‌ പോസ്‌റ്റ്‌ ഓഫീസ്‌ പ്രവർത്തിച്ച പഴയ കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. 
അപകട സാധ്യത കണ്ട്‌ ജീവനക്കാർ മാറിയതിനാൽ ദുരന്തം ഒഴിവായി.  
മാവൂർ–-ചാത്തമംഗലം ഭാഗത്ത്‌  പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ചാത്തമംഗലം സൗത്ത് അരയങ്കോട്ട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങളും തകർന്നു. പനങ്ങാട് വീടിന്റെ സംരക്ഷണ ഭിത്തി തകർന്നുവീണു. 
മാവൂർ മേച്ചേരി കുന്നിൽ വീടിന് സമീപത്തേക്ക് 20 മീറ്റർ വീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായി.
    കല്ലാച്ചി സംസ്ഥാന പാത ഏറെസമയം വെള്ളത്തിൽ മുങ്ങി.  നടുവണ്ണൂർ കാണിക്കാവ്‌ കരുവങ്ങൽ സതീശന്റെ വീട്ടിലെ കിണർ ഇടിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top