28 November Sunday

നാടും നഗരവും വെള്ളത്തിനടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

ചല്ലിവയലിൽ വീടുകളിലേക്ക് വെള്ളം കയറിയ നിലയിൽ

വടകര
ശക്തമായ മഴയിൽ നാടും നഗരവും വെള്ളത്തിനടിയിലായി. നിരവധി വീടുകളും മതിലുകളും തകർന്നു. തിങ്കളാഴ്ച രാത്രി മുതൽ ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ പുതിയ ബസ് സ്റ്റാൻഡ് ശ്രീമണി പരിസരം, ജെ ടി റോഡ് കോപ്പോളിനു പിൻവശം, ജെ ടി റോഡ്, കസ്റ്റംസ് റോഡ്, താഴെ അങ്ങാടി ചിറക്കൽ പ്രദേശം, മനാർ മുക്ക്, കോതി ബസാർ, വില്യാപ്പള്ളി റോഡിലെ പുത്തൂർ, അക്ലോത്ത് നട, കീത്താടി താഴ, അറക്കിലാട് റോഡ്, പുതുപ്പണം കൊക്കഞ്ഞാത്ത് റോഡ്, കയ്യിൽ, പതിയാരക്കര -പുതുപ്പണം റോഡ്, പുതുപ്പണം നടേമ്മൽ പീടിക, മേപ്പയിൽ ശ്രീനാരായണ മന്ദിരം റോഡ്, പുതുപ്പണം കുന്നിവയൽ കള്ളുഷോപ്പ് റോഡ് തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജെ ടി റോഡിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വീടിന്റെ രണ്ടാം നിലയിൽ കുടുങ്ങിയ സ്ത്രീയെ നാട്ടുകാർ രക്ഷപ്പെടുത്തി. ചെറിയവിട സി പി നസീമയെയും പ്രായം ചെന്നവരും കുട്ടികളും അടക്കമുള്ള കുടുംബത്തെയുമാണ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. നടക്കുതാഴ മമ്പള്ളി മുക്കിലെ പെരാങ്കണ്ടിയിൽ മനോജന്റെ വീട്ടുമുറ്റത്തെ കിണർ ശക്തമായ മഴയിൽ ഇടിഞ്ഞുതാണു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. മോട്ടോർ ഉൾപ്പെടെ കിണറ്റിനടിയിലായി. വ്യാപകമായി വീടുകളുടെ മതിലുകളും ഇടിഞ്ഞു. പതിയാരക്കര വണ്ണത്താം വീട്ടിൽ ബാബു, കൂളിമാക്കൂൽ സൈനുദ്ധീൻ, താഴെ പറമ്പത്ത് നാരായണൻ, പുതുപ്പണം കരിപ്പള്ളി പൊയിൽ ചിത്രഭാനു, പുത്തൂർ 110 കെവി സബ് സ്റ്റേഷനുസമീപം നേന്ത്രമലയിൽ എൻ എം രാജീവന്റെ വീടിന്റെ ചുറ്റുമതിൽ തകർന്ന് നാശനഷ്ടമുണ്ടായി. പുത്തൂർ അൽ നഫീസയിൽ അബ്ദുൾ ഗഫൂറിന്റെ വീടിന്റെ മതിലും തകർന്നു. നഗരസഭ പാക്കയിൽ സ്രാമ്പിക്കൽ സത്യന്റെ വീടിന്റെ മേൽക്കൂര തകർന്നു.മേമുണ്ട ചല്ലിവയലിൽ 25ലേറെ വീടുകളിൽ വെള്ളംകയറി. തുണ്ടീക്കുനി ജീവരാജ്, തുണ്ടീക്കുനി നാണു, 
മമ്മള്ളി ദേവകി, കുനിയിൽ ലീല, കോമള്ളി താഴക്കുനി ദാമോദരൻ, ചൈത്രം കുഞ്ഞിക്കണ്ണൻ, കുനിയിൽ ബാബു, കക്കാട്ട് താഴക്കുനി ബാലകൃഷ്ണൻ, കക്കാട്ട് താഴക്കുനി നാണു, അൽഫജർ കരിം, കക്കാട്ട് താഴക്കുനി നാരായണൻ, കക്കാട്ട് താഴക്കുനി നാണു, കല്യാണി ഭവൻ റിജീഷ്, മാധവം രാജൻ, കല്യാണി രാമചന്ദ്രൻ, കാർത്തിക നാരായണൻ, പൊയിൽ താഴക്കുനി രമേശൻ, സൗപർണിക ബാലൻ, പൊയിൽ താഴക്കുനി സരോജിനി, ഷിജി നിലയം കമല, ഉത്രാടം റീന, എം പി നിവാസ് പ്രമോദ്, ഷീജാലയം കുഞ്ഞിക്കണാരൻ, ശാന്തിനിലയം സുകുമാരൻ, കുനിയിൽ ബാലകൃഷ്ണൻ,  മീറോളി താഴക്കുനി വിജയൻ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. 
എൻ സി കനാലിന്റെ ഉത്ഭവ പ്രദേശമായ ചല്ലിവയലിലെ പ്രധാന തോട് വീതികൂട്ടുകയും ഉപതോടുകൾ പരിഷ്‌കരിക്കുകയും വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ഒഞ്ചിയം  
കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ഒഞ്ചിയം പഞ്ചായത്തിലെ രണ്ട്‌, മൂന്ന്‌ വാർഡുകളിലെ മാവള്ളി, പാനവയൽ ഭാഗങ്ങളിലെ 15 വീടുകൾ കനത്ത മഴയിൽ വെള്ളപ്പൊക്ക ഭീഷണിയിലായി. നിരവധി കുടുംബങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത നിലയിലായി.
ചോറോട് പഞ്ചായത്തിലെ ചേന്ദമംഗലം, സ്റ്റേഡിയം ഭാഗം, എംഎസ് യുപി സ്കുൾ പരിസരം, ബാലവാടി, കൊളങ്ങാട്ട് താഴ്‌ന്ന ഭാഗങ്ങളിൽ നിരവധി വീടുകൾ ഭീഷണിയിലാണ്. പഞ്ചായത്ത് സ്റ്റേഡിയം ഭാഗത്തെ ഒരു കുടുംബം വീടൊഴിഞ്ഞു. രാത്രിയും കനത്ത മഴ തുടരുന്നതിനാൽ പഞ്ചായത്ത് -റവന്യു അധികൃതർ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും ക്യാമ്പ് തുറക്കാനുമുള്ള ജാഗ്രതയിലാണ്. 
ഗ്രാമീണ റോഡുകൾ വെള്ളത്തിനടിയിലായതോടെ പ്രദേശങ്ങളിലെ യാത്ര ദുരിതമായി.  ഏറാമല പഞ്ചായത്തിലെ മണപ്പുറം, ആദിയൂർ, കുന്നുമ്മക്കര, കാർത്തികപ്പള്ളി ഭാഗങ്ങളിലും അഴിയൂർ പഞ്ചായത്തിലെ കല്ലാമല, തുരുത്തി, കോവുകടവ്, കോറോത്ത് റോഡ്, ഹാർബർ പരിസരം തുടങ്ങി നിരവധി സ്ഥലങ്ങളിലും വെള്ളം കയറി ജനജീവിതം ദുരിതമായി.ചോറോട്  
കൈനാട്ടി ജങ്‌ഷനുസമീപം കിഴക്കുഭാഗത്തെ പഴയ ഇരുനിലക്കെട്ടിടം കനത്ത മഴയിൽ തകർന്നു. 
ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ മുകൾനിലയിലെ പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്ന ഭാഗമാണ് ഇടിഞ്ഞുതകർന്നത്. രണ്ടാഴ്ച മുമ്പാണ് ദേശീയപാതാ വികസനത്തിനായി പൊളിക്കേണ്ട കെട്ടിടത്തിൽനിന്ന് പോസ്റ്റ് ഓഫീസ് പ്രവർത്തനം മാറ്റിയത്. കെട്ടിടത്തിന് വടക്കുഭാഗത്തെ ഓജിൻ ഹോട്ടലിലേക്ക് കെട്ടിടാവശിഷ്ടങ്ങൾ വീണു. ഹോട്ടലിന്റെയും താഴെ നിലയിൽ പ്രവർത്തിക്കുന്ന നാലു സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലച്ചു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വംനൽകി. തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ചന്ദ്രശേഖരൻ തുടങ്ങിയവർ സ്ഥലത്തെത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top