29 March Friday

വാക്കുകളിലൊതുങ്ങില്ല നന്ദി; 
ജീവിതം സ്വപ്നതുല്യമാക്കിയതിന്

വി വി രഗീഷ്‌Updated: Thursday Jan 13, 2022

വില്യാപ്പള്ളി ചെട്ടീന്റവിട ശൈലജയും മക്കളും സ്നേഹവീട്ടിനു മുന്നിൽ

വടകര
‘ജീവിതം സ്വപ്നതുല്യമാക്കിയ കമ്യൂണിസ്റ്റ് പാർടിയോടുള്ള  നന്ദി വാക്കുകളിൽ ഒതുക്കാനാവില്ല...' വില്യാപ്പള്ളി  ചെട്ടീന്റവിട ശൈലജയുടെ വാക്കുകളിൽ നന്ദിയും സ്‌നേഹവും നിറഞ്ഞു. കഷ്ടപ്പാടുകൾ വിട്ടുമാറിയ കാലത്ത് ഭർത്താവ് നാണു കൂടെയില്ലാത്തതിന്റെ സങ്കടവുമുണ്ട്‌.   
 അടച്ചുറപ്പുള്ള വീട്  കർഷകത്തൊഴിലാളിയായ  നാണുവിന്റെ സ്വപ്നമായിരുന്നു. ആറംഗങ്ങൾ താമസിച്ചിരുന്ന തറവാട് ഭാഗം വച്ചപ്പോൾ കിട്ടിയ ഏഴു സെന്റ്‌ സ്ഥലത്ത് വീട് നിർമിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ്  നാണു പക്ഷാഘാതം പിടിപെട്ട് കിടപ്പിലാവുന്നത്. രണ്ടു പെൺകുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം അതോടെ നിരാലംബരായി. നാട്ടിലെ എന്തുകാര്യത്തിനും മുന്നിട്ടിറങ്ങുന്ന  നാണുവിന്റെ കുടുംബത്തെ സംരക്ഷിക്കാൻ സിപിഐ എം വില്യാപ്പള്ളി ലോക്കൽ കമ്മിറ്റി  12 ലക്ഷം രൂപ ചെലവിട്ട്‌ എല്ലാ സൗകര്യങ്ങളുമുള്ള  വീട് യാഥാർഥ്യമാക്കി. വീടിന്റെ പണി നടക്കുന്നതിനിടെ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയനായ നാണു മരിച്ചു. പണിതീർന്ന വീട്ടിൽ ഒരു രാത്രി കിടന്നുറങ്ങാൻ ഭർത്താവിന് കഴിഞ്ഞില്ലെന്ന സങ്കടമുണ്ടെങ്കിലും ശൈലജയുടെയും മക്കളുടെയും ജീവിതം സുരക്ഷിതമാണ്. 
നഴ്സായ മകൾ വിസ്മയയെ വിവാഹം ചെയ്തയക്കണം, പ്ലസ് ടു വിദ്യാർഥിയായ ഇളയ മകൾ സാനിയക്ക് മികച്ച വിദ്യാഭ്യാസം നൽകണം–- തൊഴിലുറപ്പ് തൊഴിലാളിയായ ശൈലജയുടെ ആഗ്രഹം ഇതുമാത്രമാണ്. അന്തിയുറങ്ങാൻ വാസയോഗ്യമായ വീടില്ലാത്ത 13 കുടുംബങ്ങൾക്കാണ് സിപിഐ എം വടകര ഏരിയാ കമ്മിറ്റിക്കു കീഴിൽ വിവിധ ലോക്കലുകളിലായി  36,55,000 രൂപ ചെലവിട്ട്‌ വീടുകൾ നിർമിച്ചുനൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top