05 July Saturday

ടെൻഷൻ വേണ്ട കുഞ്ഞോമനയെ 
നോക്കാൻ ക്രഷുണ്ട്‌

സ്വന്തം ലേഖകൻUpdated: Friday Aug 12, 2022

വനിതാ ശിശുവികസന വകുപ്പ് സിവിൽ സ്റ്റേഷനിൽ തയ്യാറാക്കിയ ക്രഷിന്റെ ഉദ്ഘാടനശേഷം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശിയും കുട്ടികൾക്കൊപ്പം

കോഴിക്കോട്‌
നഴ്‌സറി സ്‌കൂളിലെത്തിയ ഉത്സാഹത്തിലായിരുന്നു ആയിഷ മെഹ്‌റയും മൂന്നരവയസ്സുകാരി ഇവ സമാമും. ചുറ്റും കിടിലൻ കളിപ്പാട്ടങ്ങൾ. കൗതുകങ്ങളിൽ മുഴുകിയ രണ്ടുവയസ്സുകാരി ഐദ തനീമും ഇവർക്കൊപ്പം ചേർന്നു. കോഴിക്കോട്‌ സിവിൽ സ്‌റ്റേഷനിൽ ആരംഭിച്ച ശിശുപരിപാലന കേന്ദ്രത്തിലെ ആദ്യദിനം കുട്ടികൾ പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്നു. അമ്മമാരുടെ കരുതലുമായി ആയമാരായ കോവൂരിലെ ബിന്ദു ശിവാനന്ദനും മടവൂരിലെ പി ഗിരിജയും ഒപ്പംചേർന്നു. ജോലിക്ക് പോവുമ്പോൾ കുഞ്ഞുങ്ങളെ നോക്കാൻ ആളില്ലാത്തതിന്റെ ടെൻഷൻ ഒഴിഞ്ഞതിന്റെ തെളിച്ചത്തിലായിരുന്നു സിവിൽ സ്‌റ്റേഷൻ ഓഫീസ്‌ സമുച്ചയത്തിലെ രക്ഷിതാക്കൾ. 
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഒരുക്കിയ ‘ക്രഷ്' തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. നേരത്തെ 26 പേരാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. വ്യാഴാഴ്‌ച പത്തിലേറെ പേർ രജിസ്‌റ്റർ ചെയ്‌തു.  ആദ്യദിനം മൂന്ന്‌ കുഞ്ഞുങ്ങളാണ്‌ എത്തിയത്‌.  
ബി ബ്ലോക്കിൽ ഒന്നാം നിലയിലാണ് ക്രഷ്. ആറുമാസം മുതൽ ആറുവയസ്സുവരെയുള്ള കുട്ടികളെ ഗവ. ജീവനക്കാർക്ക് ക്രഷുകളിൽ അയക്കാം.   രാവിലെ ഒമ്പതര മുതൽ വൈകിട്ട് അഞ്ചരവരെയാണ്  പ്രവൃത്തിസമയം.  . 
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം പി ഗവാസ്, കൗൺസിലർ എം എൻ പ്രവീൺ, എഡിഎം മുഹമ്മദ് റഫീഖ്, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി വി ടി സുരേഷ്, ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ കെ ഷൈനി തുടങ്ങിയവർ പങ്കെടുത്തു. യു അബ്ദുൽ ബാരി സ്വാഗതവും ഡോ. ലിൻസി നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top