26 April Friday

കടുക്കയില്ല, 
കടലാഴങ്ങളിൽ കണ്ണീരുപ്പ്‌

മനാഫ് താഴത്ത്Updated: Thursday May 12, 2022
ഫറോക്ക്
ജില്ലയുടെ തെക്കേ അതിർത്തിയായ കടലുണ്ടി പഞ്ചായത്തിലെ ചാലിയത്ത് കടലാഴങ്ങളിലും പുഴയിലെ കാണാക്കയങ്ങളിലും മുങ്ങിത്തപ്പി കടുക്ക വാരുന്ന വലിയൊരു വിഭാഗമുണ്ട്. രാവും പകലും മഴയും വെയിലുമൊന്നും കൂസാതെ വെള്ളത്തിൽ ഊളിയിട്ടിറങ്ങി കടുക്കയെടുക്കുന്ന അഞ്ഞൂറോളം തൊഴിലാളികളെങ്കിലുമുണ്ടാകും. 
     മരണം മുന്നിൽ കണ്ടുള്ള ഈ മുങ്ങിത്തപ്പൽ ചാലിയത്തെ നിരവധി പേരുടെ ജീവനെടുത്തതാണ്. ഇതിൽ ഒടുവിലത്തെയാളാണ് ബുധനാഴ്ച ചാലിയത്ത് കടുക്കവരുന്നതിനിടെ മരിച്ച കള്ളാടത്ത് മജീദ്. 2019 മെയ് 25നാണ് ചാലിയം തൈക്കടപ്പുറത്ത് റഫീഖ് (44) കടലിൽ കടുക്ക വാരുന്നതിനിടെ കപ്പലിൽ തലയിടിച്ച്  ദാരുണമായി മരിച്ചത്. 
    ചാലിയത്തെ തന്നെ അഞ്ചുടിക്കൽ അഷ്റഫ്, കൈതവളപ്പിലെ സിറാജ് എന്നിവരുടെ ജീവൻ പൊലിഞ്ഞതും കടുക്ക വാരുമ്പോൾ തന്നെ. കാലാവസ്ഥ മോശമായി കടൽ പ്രക്ഷുബ്ധമായാൽ കടുക്കയെടുക്കൽ ഏറെ ദുഷ്കരമാണ്.
    കടലിൽ ചാലിയം ലൈറ്റ് ഹൗസ് മുതൽ കടലുണ്ടിക്കടവ് പാലം വരെയും ചാലിയാറിൽ ഫറോക്കിലും കരുവൻതിരുത്തിയിലും കടലുണ്ടിപ്പുഴ, മുരുകല്ലിങ്ങൽ വടക്കുമ്പാട് പുഴ എന്നിവിടങ്ങളിലും സ്ഥിരം കടുക്ക വാരൽ കേന്ദ്രങ്ങളുണ്ടെങ്കിലും ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും എന്തെങ്കിലും കിട്ടിയാലായി എന്ന സ്ഥിതിയിലാണിപ്പോൾ തൊഴിലാളികൾ. കാലാവസ്ഥാ വ്യതിയാനവും ജലത്തിലെ ഊഷ്മാവിലുണ്ടായ വർധനയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യവുമെല്ലാം കടലിലെയും പുഴയിലെയും സ്വാഭാവിക ആവാസവ്യവസ്ഥയെ തകിടം മറിച്ചതാണ്‌ കടുക്ക ഉൽപ്പാദനം ഓരോ വർഷവും കുറയ്‌ക്കുന്നതെന്നാണ് നിഗമനം. ഇതിനിടെയുണ്ടാകുന്ന അപകടമരണങ്ങളും തീരമേഖലയെ തളർത്തുകയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top