26 April Friday

വിപണി പിടിച്ച്‌ കേരള ചിക്കൻ, 170 കോടിയുടെ വിറ്റുവരവ്

എം ജഷീനUpdated: Sunday Jun 11, 2023
കോഴിക്കോട്‌ > നാടിന്റെ സ്വന്തം ‘കേരള ചിക്കൻ’  170 കോടി രൂപയുടെ റെക്കോഡ്‌  വിറ്റുവരവുമായി വിജയപാതയിൽ. ഗുണമേന്മയുള്ള ഇറച്ചിയും കർഷകർക്ക്‌ സ്ഥിരവരുമാനവും വിലനിയന്ത്രണവും  ഉറപ്പാക്കുന്ന പദ്ധതി നാലുവർഷം കൊണ്ടാണ്‌  ഈ നേട്ടമുണ്ടാക്കിയത്‌.  2017ൽ സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി തുടങ്ങിയ ‘കേരള ചിക്കൻ’ ഘട്ടംഘട്ടമായാണ്‌ ഓരോ ജില്ലയിലേക്കും വ്യാപിപ്പിച്ചത്‌. 2019ലാണ്‌  വിൽപ്പനയ്‌ക്ക്‌ ഔട്ട്‌ലെറ്റുകൾ തുടങ്ങിയത്‌. 
 
കുടുംബശ്രീയിലെ അംഗങ്ങളായ 500 സ്‌ത്രീകൾക്കാണ്‌ കേരള ചിക്കൻ  ജീവിതോപാധിയാകുന്നത്‌.  കോവിഡ്‌ കാലത്ത്‌ ആറ്‌ കോടി രൂപയുടെ വരുമാനം  കർഷകർക്കും ഔട്ട്‌ലെറ്റ്‌ നടത്തുന്നവർക്കും നൽകാനായി. ഒമ്പത്‌ ജില്ലകളിൽ 342 ഫാമുകളും വിൽപ്പനക്കായി ഏഴ്‌ ജില്ലകളിൽ 111 ഔട്ട്‌ലെറ്റുകളുമായി. 45 ദിവസം കോഴികളെ വളർത്തി കൈമാറുമ്പോൾ കർഷകർക്ക്‌ ശരാശരി 50,000 രൂപയും ഔട്ട്‌ലെറ്റ്‌ നടത്തിപ്പുകാർക്ക്‌ മാസം 87,000 രൂപയുമാണ്‌ വരുമാനം.       പ്രതിദിനം 24,100  കിലോഗ്രാം വിൽക്കുന്നുണ്ട്‌. 1.53 കോടി കിലോഗ്രാം ഇറച്ചി ഇതുവരെ വിറ്റു.  80.79 ലക്ഷം കോഴികളെ കർഷകർക്ക്‌ കൈമാറി. മൃഗസംരക്ഷണ വകുപ്പ്‌ കർഷകർക്ക്‌ 23,52,940 രൂപ സബ്‌സിഡിയും  നൽകി. 
 
ഒരു ദിവസം പ്രായമായ 1000 മുതൽ 5000വരെ കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക്‌ നല്‍കി, വളര്‍ച്ചയെത്തുമ്പോള്‍ നിശ്ചിത തുക നല്‍കി തിരികെയെടുക്കും. തീറ്റ, മരുന്ന്‌ തുടങ്ങിയ ആനുകൂല്യങ്ങളും  സൗജന്യമാണ്‌.  കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന ഔട്ട്‌ലെറ്റ്‌ വഴിയാണ്‌ ‌വിപണനം. ഉൽപ്പാദനവും വിപണനവും  ഏകോപിപ്പിക്കുന്നത്‌ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ്‌. ഓരോ വർഷവും 1000 ഫാമുകളും 500 ഔട്ട്‌ലെറ്റുകളും ആരംഭിക്കാനാണ്‌ ലക്ഷ്യം. 
 
വിലക്കുറവ്‌ 
 
വിപണിയിൽ  കോഴി ഇറച്ചി വില കുതിച്ചുയരുമ്പോഴും പിടിച്ചുപറി ഇല്ലാതെ കേരള ചിക്കൻ. ‘കേരള ചിക്കനി’ൽ  ഒരു കിലോ കോഴിക്ക്‌  148 രൂപയും ഇറച്ചിക്ക്‌ 227 രൂപയുമാണ്‌. ഇതിനേക്കാൾ 50 രൂപ വരെ കൂടുതലാണ്‌ മറ്റു കടകളിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top