25 April Thursday

ബഷീർ മ്യൂസിയം 
യാഥാർഥ്യമാവുന്നു

സ്വന്തം ലേഖകൻUpdated: Sunday Oct 10, 2021
 
കോഴിക്കോട്‌
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ നിലനിർത്താൻ മ്യൂസിയം നിർമിക്കുന്നു. ലിറ്ററേച്ചർ സർക്യൂട്ടിന്റെ പ്രാഥമിക പ്രോജക്ടായി ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ മ്യൂസിയം തുടക്കമിടും. ബേപ്പൂരിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി കൂടിയാണിത്‌. ‘ആകാശ മിഠായി' എന്ന പേരിലാണ്‌ പദ്ധതി വിഭാവനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട്  മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ കലക്ടറുടെ ചേംബറിൽ ഉന്നതതല യോഗം ചേർന്നു.  കോർപറേഷനും വിനോദ സഞ്ചാര വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബേപ്പൂർ ബിസി റോഡിൽ ഒരേക്കർ സ്ഥലത്താണ്  സ്മാരകം.
അടുത്ത വർഷം ബഷീറിന്റെ ചരമദിനമായ ജൂലൈ അഞ്ചിന്  മ്യൂസിയത്തിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി. 2006ലാണ്‌  ബഷീറിന് സ്മാരകം പണിയാൻ സർക്കാർ തീരുമാനിച്ചത്‌. കലക്ടർ, ടൂറിസം ഡയറക്ടർ, പ്രോജക്ട് ആർക്കിടെക്ട്, കോർപറേഷൻ സെക്രട്ടറി, കോർപറേഷൻ എക്സി.എൻജിനിയർ എന്നിവരടങ്ങുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ക്രോഡീകരിക്കും.   
കമ്യൂണിറ്റി സെന്റർ, ആംഫി തിയറ്റർ, കൾച്ചറൽ സെന്റർ, ബഷീർ ആർക്കൈവ്സ്, റിസർച്ച് സെന്റർ, ഓഡിയോ വിഷ്വൽ സ്റ്റുഡിയോ, ആർട്ട് റെസിഡൻസി സൗകര്യം, അക്ഷരത്തോട്ടം, വാർത്താ മതിൽ എന്നിവ സ്മാരകത്തിലുണ്ടാവും. ടൂറിസം വകുപ്പിന് സ്മാരകം പണിയുന്നതിനുള്ള സ്ഥലത്തിന്റെ എൻഒസി കൊടുക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമെന്ന് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് പറഞ്ഞു. സ്പേസ് ആർട്ട് ഡയറക്ടർ വിനോദ് സിറിയക്, പ്രോജക്ട് ആർക്കിടെക്ട് നമിത ചെറിയാൻ എന്നിവർ പദ്ധതി വിശദീകരിച്ചു. യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി  വേണു, ടൂറിസം ഡയറക്ടർ കൃഷ്ണ തേജ, കലക്ടർ  എൻ തേജ് ലോഹിത് റെഡ്ഡി, വിനോദ സഞ്ചാര ജോയിന്റ്‌ ഡയറക്ടർ സി എൻ അനിതകുമാരി, വിനോദസഞ്ചാര ഡെപ്യൂട്ടി ഡയറക്ടർ ടി സി വിനോദ്, ഡിടിപിസി സെക്രട്ടറി സി പി ബീന തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top