21 September Thursday
രക്തസാക്ഷിത്വത്തിന്‌ നാളെ 88

തടവറ തുറന്നെത്തുന്നു 
ഇരുളിലാണ്ട ചരിത്രം

എ സജീവ് കുമാർUpdated: Wednesday Aug 10, 2022

നാട്ടുകാരായ ചിത്രകാരന്മാർ വരച്ച 
മുള്ളങ്കണ്ടി മീത്തൽ കുഞ്ഞിരാമന്റെ രേഖാചിത്രം

കൊയിലാണ്ടി
ചരിത്രം മറന്ന രക്തസാക്ഷിയാണ് കീഴരിയൂരിലെ മുള്ളങ്കണ്ടി മീത്തൽ കുഞ്ഞിരാമൻ. കീഴരിയൂർ ബോംബാക്രമണത്തിൽ 14ാം പ്രതിയായി അറസ്റ്റിലാവുമ്പോൾ പ്രായം 29. വിവാഹം കഴിഞ്ഞ് ആറുമാസം. ഭാര്യ ഗർഭകാലത്തിന്റെ തുടക്കത്തിലായിരുന്നു. കുഞ്ഞുകൺമണിയുടെ പിറവിക്കായി കൊതിയോടെ കാത്തിരിക്കവേയാണ്‌ ജയിലറയിലാവുന്നത്‌. പിന്നീടൊരിക്കലും പുറംലോകം കണ്ടിട്ടില്ല ഈ വിപ്ലവകാരി. 1944 ജൂലെെ 11ന് ചിങ്ങമാസത്തെ തിരുവോണനാളിൽ ആലിപ്പൂർ ജയില്‍ മുറിയില്‍ പൊലീസും ജയിലധികൃതരും ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് രോഗം ബാധിച്ചാണ് കുഞ്ഞിരാമന്‍ മരിച്ചത്. വ്യാഴാഴ്‌ച ഈ വീരമൃത്യുവിന്‌ 88 വർഷം തികയുന്നു.  മൃതദേഹംപോലും കുടുംബങ്ങളെയോ നാട്ടുകാരെയോ കാണിച്ചില്ല. സ്വാതന്ത്ര്യസമരകാലത്ത്‌ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഞെട്ടിച്ച കീഴരിയൂര്‍ ബോംബ് കേസിൽ ജയിലറയ്ക്കുള്ളിൽ മരിച്ച ഏക രക്തസാക്ഷിയായിരുന്നു ഈ യുവാവ്. 
ബോംബ്‌ നിർമിക്കാൻ സഹായിച്ചുവെന്ന്‌ ആരോപിച്ചാണ്‌ കസ്റ്റഡിയിലെടുത്തത്‌.  
അന്ന്‌ പ്രധാന പീഡനകേന്ദ്രമായിരുന്ന കൊയിലാണ്ടി സബ് ജയിലിൽ പാർപ്പിച്ചാണ്‌ ആദ്യം മർദിച്ചത്. കൊയിലാണ്ടി സബ് ജയിലിൽവച്ച്‌ നഖത്തിനുള്ളിൽ ഈർക്കിൽ കയറ്റലടക്കമുള്ള ക്രൂരമായ പീഡനങ്ങളാണ്‌ നടന്നത്‌.   
ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് കൊയിലാണ്ടിയിലെ ജയിലറയ്ക്കുള്ളിലിരുന്നാണ്‌  അറിഞ്ഞത്‌. മകളെ ഒരുനോക്ക്‌ കാണാന്‍ കുഞ്ഞിരാമൻ ആഗ്രഹിച്ചു. ജയിലിനുപുറത്ത് കൈക്കുഞ്ഞുമായി അനുജന്‍ കണാരന്‍ പല ദിവസങ്ങളിലും ചെന്നെങ്കിലും കാണിക്കാന്‍ പൊലീസ് അനുവദിച്ചില്ല. കുഞ്ഞുമായി കീഴരിയൂരിൽനിന്ന് പുഴ കടന്ന് കൊയിലാണ്ടിക്കും തിരിച്ചുംപോകുന്ന കണാരനെ കണ്ട് നാട്ടുകാർ കണ്ണീർവാർത്തു. പിന്നീട്‌ കൊയിലാണ്ടിയില്‍നിന്ന്‌ കര്‍ണാടകയിലെ ആലിപ്പൂർ ജയിലിലേക്ക്  അവശനായ കുഞ്ഞിരാമനെ മാറ്റി. അവിടെ വച്ചായിരുന്നു മരണം. 
ജയിലിൽവച്ച് മരിച്ച കുഞ്ഞിരാമനെക്കുറിച്ച് വി എ കേശവന്‍ നായരുടെ ‘ഇരുമ്പഴിക്കുള്ളില്‍’ എന്ന കൃതിയില്‍ പറയുന്നുണ്ട്. ജയില്‍വളപ്പിലെവിടെയോ ശരീരം അവര്‍ മറവ് ചെയ്തതായാണ് വിവരം.  
മുയിപ്പോത്തുകാരിയായ ഭാര്യയും മകളും ജീവിച്ചിരിപ്പില്ല. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ കുഞ്ഞിരാമന്റെ വേരുകൾ തേടുകയാണ്‌ കീഴരിയൂർ സ്‌മാരകസമിതി. ഒരു പടംപോലും ഈ രക്തസാക്ഷിയുടേതായി ഇല്ല. കേട്ടുകേൾവി വച്ചും ബന്ധുക്കൾ നൽകിയ വിവരമനുസരിച്ചും കുഞ്ഞിരാമന്റെ ചിത്രം നാട്ടുകാരായ ചിത്രകാരന്മാർ തയ്യാറാക്കി.
അനുസ്മരണം നാളെ
കൊയിലാണ്ടി
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് ജയിലിൽ രക്തസാക്ഷിത്വം വരിച്ച മുള്ളങ്കണ്ടി മീത്തൽ കുഞ്ഞിരാമനെ വ്യാഴാഴ്‌ച അനുസ്‌മരിക്കും. ബന്ധുക്കളും നാട്ടുകാരുമെല്ലാം ഒത്തുചേർന്ന് കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തുമെന്ന് അനുസ്മരണ സമിതി കൺവീനർ വിനോദ് ആതിര അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top