24 April Wednesday

മഴക്കാല മുന്നൊരുക്കത്തിനൊരുങ്ങി ജില്ല

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022
കോഴിക്കോട്‌
മഴക്കാലത്തിന്‌ മുന്നോടിയായി എല്ലാ സുരക്ഷിതത്വങ്ങളും കൈക്കൊള്ളുന്നതിന്റെ ഭാഗമായി  മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട്‌ ജില്ലാ ഭരണകേന്ദ്രം നേതൃത്വത്തിൽ യോഗംചേർന്നു. ഡാമുകളുടെ സുരക്ഷ, അടിയന്തര ഘട്ടങ്ങളിലും കാലവർഷക്കാലത്തും ഡാമുകൾ തുറക്കേണ്ടി വരുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട്‌  ലഘൂകരിക്കുന്നതിനുളള നടപടികൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു. മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത പ്രവർത്തനങ്ങളുടെ റിപ്പോർട്ട്   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വകുപ്പുകളും 10ന്‌ വൈകിട്ട് അഞ്ചിനകം സമർപ്പിക്കണമെന്നും കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
പെരുവണ്ണാമുഴി,  കക്കയം ഡാം, കുറ്റ്യാടി ഡാം എന്നിവയിൽ  ഡാം സേഫ്റ്റി വകുപ്പ്, ഇറിഗേഷൻ വകുപ്പ് എന്നിവ തയ്യാറാക്കിയ വെള്ളപ്പൊക്ക ഭൂപടം അനുസരിച്ച് മാറ്റിപ്പാർപ്പിക്കേണ്ടിവരുന്നവരുടെ വിവരങ്ങൾ വില്ലേജ് ഓഫീസർമാരും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാരും തയ്യാറാക്കണം. എമർജൻസി ആക്‌ഷൻ പ്ലാനിൽ പരാമർശിച്ച ഷെൽട്ടറുകൾ പരിശോധിച്ച്  ഓറഞ്ച് ബുക്കിൽ പരാമർശിച്ച സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു.
ഡാമുകൾ തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ് കാലതാമസം കൂടാതെ സ്ഥലവാസികളെ അറിയ്‌ക്കണം.  വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങൾ മുൻകൂട്ടി  ശേഖരിക്കണം. 
ഡാമുകളിലെ കമ്യൂണിക്കേഷൻ സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കണം. ഡാമുകൾ തുറക്കുമ്പോൾ മുങ്ങിപ്പോകാൻ സാധ്യതയുള്ള റോഡുകൾ, പാലങ്ങൾ എന്നിവയിലെ ഗതാഗത നിയന്ത്രണം, അപകട സാധ്യത ഒഴിവാക്കൽ തുടങ്ങിയവ പൊലീസും ഫയർ ഫോഴ്‌സും ശ്രദ്ധിക്കണം. 
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ  ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top