ഒഞ്ചിയം
അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോമ്പാല സ്റ്റേഷനിലെത്തി വിവരങ്ങൾ തേടി. ഡിഐജി രാഹുൽ ആർ നായർ, റൂറൽ എസ്‌പി കറപ്പസ്വാമി, ഡിവൈഎസ്‌പി ആർ ഹരിപ്രസാദ് എന്നിവരാണ് എത്തിയത്. വടകര ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.
പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ എത്തിയത്. കുട്ടി മാധ്യമങ്ങൾക്കും പൊലീസിനും നൽകിയ മൊഴികളിലെ വസ്തുത, വിശദമായി പരിശോധിക്കും. ലഹരിക്കടത്തിനെക്കുറിച്ച് എക്സൈസും അന്വേഷിക്കുന്നുണ്ട്. ഡെപ്യൂട്ടി എക്സൈസ് കമീഷണർ രാജേന്ദ്രനും സ്ഥലത്തെത്തി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നിർദേശത്തെ തുടർന്ന് ഡിഡിഇ സി മനോജ് കുമാർ സ്കൂളിലെത്തി വിവരം ശേഖരിച്ചു.
അതിനിടെ, സംഭവത്തിൽ പൊലീസ് ചോദ്യംചെയ്തു വിട്ടയച്ച യുവാവിന്റെ ഉമ്മ നിരപരാധിയായ മകനെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചോമ്പാല പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ആറിനാണ് വിദ്യാർഥിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്. ലഹരി കലർത്തിയ ബിസ്‌കറ്റ് നൽകിയശേഷം മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചുവെന്നാണ് വെളിപ്പെടുത്തിയത്. മറ്റുപലരെയും ഇത്തരത്തിൽ ഉപയോഗപ്പെടുത്തിയതായും പറഞ്ഞിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..