19 April Friday
കള്ളക്കടത്തിൽ കണ്ണികളായി യുവാക്കൾ

അകപ്പെടുന്നത്‌ 
ഊരാക്കുടുക്കിൽ

സി രാഗേഷ്Updated: Tuesday Aug 9, 2022
നാദാപുരം 
പണം സമ്പാദിക്കാൻ എളുപ്പമാർഗമായി കള്ളക്കടത്തിൽ കണ്ണി ചേർക്കപ്പെടുന്ന യുവാക്കൾ അകപ്പെടുന്നത്‌ ഊരാനാവാത്ത കുരുക്കുകളിൽ. നാദാപുരം മേഖലയിൽ പത്തോളം കേസ്‌ രജിസ്റ്റർചെയ്‌തെങ്കിലും പരാതിയില്ലാതെ നിരവധി സംഭവങ്ങൾ. ആരും പരാതി നൽകാൻ തയ്യാറാവാത്തത് കള്ളക്കടത്ത്‌ സംഘത്തിന്‌ പ്രോത്സാഹനമാവുന്നു. കൂടുതൽ യുവാക്കൾ കെണിയിൽപ്പെടുകയും ചെയ്യുന്നു. സ്വർണക്കടത്ത്, കുഴൽപ്പണ വിതരണം, അനധികൃത സാമ്പത്തിക ഇടപാട്, ലഹരിക്കടത്ത്‌ എന്നിവയിലാണ്‌ യുവാക്കൾ കണ്ണികളായി മാറുന്നത്‌. ഗൾഫ് നാടുകളിൽനിന്നും വരുന്ന യുവാക്കൾ ഒരുപ്രാവശ്യം സ്വർണം കടത്തി ഉടമസ്ഥന് ഏൽപ്പിച്ചാൽ 60,000 രൂപയും വിമാന ടിക്കറ്റുമാണ് ലഭിക്കുന്നത്. ഇങ്ങനെ കടത്തുന്നവർ പിടിക്കപ്പെട്ടാൽ നികുതിയടച്ച് സ്വർണം തിരിച്ചെടുക്കാനും കസ്റ്റഡിയിലെടുത്ത പാസ്പോർട്ട് തിരികെ ലഭിക്കാനും സൗകര്യമൊരുക്കും. യുവാക്കളെ തട്ടിക്കൊണ്ടുപോകുകയോ എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ്‌ സംഭവം പുറംലോകമറിയുന്നത്‌.
2021 ഫെബ്രുവരി ആറിനാണ് മുടവന്തേരിയിലെ പ്രവാസി എം ടി കെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് റോഡരികിൽ ഉപേക്ഷിച്ചു. 2021 ഫെബ്രുവരി 13ന് പുലര്‍ച്ചെയാണ് പേരാമ്പ്ര സ്വദേശി അജ്‌നാസിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.  ഒരുമാസം മുമ്പ് കണ്ണൂർ വിമാനത്താവളംവഴി നാട്ടിലേക്ക് വരികയായിരുന്ന യുവാവിനെ മട്ടന്നൂരില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി 47 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയായിരുന്നു അജ്നാസ്. സ്വർണത്തിന്റെ യഥാർഥ ഉടമകളാണ്‌ അജ്നാസിനെ തട്ടിക്കൊണ്ടുപോയത്. 2021 ഏപ്രിൽ അഞ്ചിന്‌ മലപ്പുറം സ്വദേശികളായ മൂന്ന്‌ യുവാക്കളെ ആളുമാറി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ നാദാപുരത്ത് അറസ്റ്റിലാവുകയുമുണ്ടായി. 
2019 നാദാപുരത്തെ സ്വർണവ്യാപാരി രാജേന്ദ്രനിൽനിന്നും
സ്വർണം നൽകാമെന്ന് പറഞ്ഞ് 46 ലക്ഷം രൂപ ക്വട്ടേഷൻ സംഘം തട്ടിയെടുത്തിരുന്നു. 2022 ഫെബ്രുവരി അഞ്ചിനാണ്‌ കുനിങ്ങാട് മുതുവത്തൂർ കാട്ടിൽ ലക്ഷംവീട് കോളനിയിലെ മുഹമ്മദ് ഷഫീഖിനെ തട്ടിക്കൊണ്ടുപോയതായി ഉമ്മ സക്കീന നാദാപുരം പൊലീസിൽ പരാതിനൽകിയത്. മലപ്പുറം വേങ്ങര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ സ്വർണക്കടത്ത് സംഘമാണതിന്‌ പിന്നിൽ.  
നാദാപുരം പഞ്ചായത്തിലെ ഇയ്യങ്കോട് മൂന്ന് യുവാക്കൾ സ്വർണവുമായി മുങ്ങിയ സംഭവവുമുണ്ടായി. ക്വട്ടേഷൻ സംഘങ്ങൾ  കടമേരിയിൽ ഏറ്റുമുട്ടിയപ്പോൾ കണ്ണൂരിലെ ചാണ്ടി ഷമീമിന്റെ നേതൃത്വത്തിലുള്ള വൻ സംഘമാണ് പിടിയിലായത്.
സ്വർണക്കടത്ത് സംഘങ്ങളെ അമർച്ചചെയ്യാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് നാദാപുരം ഡിവൈഎസ്‌പി വി വി ലതീഷ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top