25 April Thursday

ട്രോളിങ് നിരോധനം 
ഇന്ന്‌ അർധരാത്രി മുതൽ

സ്വന്തം ലേഖകൻUpdated: Friday Jun 9, 2023

വെള്ളിയാഴ്ച അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ്ങിന് മുന്നോടിയായി മത്സ്യബന്ധന ബോട്ടുകൾ കരയ്ക്ക്‌ കയറ്റുന്നു. പുതിയാപ്പ ഹാർബറിൽനിന്നുള്ള ദൃശ്യം ഫോട്ടോ: ജഗത് ലാൽ

കോഴിക്കോട്‌
മൺസൂൺകാല ട്രോളിങ് നിരോധനം വെള്ളി അർധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസം ബോട്ടുകൾ കടലിലിറങ്ങില്ല. ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമാണ് അനുവദിക്കുക. 
ഹാർബറുകളിലെ ഡീസൽ ബങ്കുകൾ അടയ്ക്കും. ഇൻബോർഡ് വള്ളങ്ങൾക്ക് ഇന്ധനത്തിനായി മത്സ്യഫെഡ് ബങ്കുകൾ അനുവദിക്കും. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ്, ബയോമെട്രിക് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവ നിർബന്ധമാക്കും. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ എന്നിവിടങ്ങളിൽ ട്രോളിങ് നിരോധന ലംഘനം നിരീക്ഷിക്കാൻ സംവിധാനമുണ്ടാകും. 
ഇതര സംസ്ഥാന ബോട്ടുകൾ തീരം വിടണം. ലംഘിച്ചാൽ ഉടമകൾക്കെതിരെ കർശന നടപടിയെടുക്കും. വെള്ളി വൈകിട്ടോടെ മുഴുവൻ ട്രോളിങ് ബോട്ടും കടലിൽനിന്ന്‌ മാറ്റിയിട്ടുണ്ടെന്ന്  ഉറപ്പാക്കും. നിരോധനം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. പട്രോളിങ്ങിനായി ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ ബോട്ടുകൾ സജ്ജമാക്കി. 
ജില്ലയിൽ 1222 യന്ത്രവൽകൃത ബോട്ടാണുള്ളത്‌. ഇതിൽ പകുതിയും ബേപ്പൂരിലാണ്‌. നാനൂറോളം ബോട്ടാണ്‌ പുതിയാപ്പയിൽ. കൊയിലാണ്ടിയിൽ ചെറുബോട്ടുകളാണ്‌ നല്ലൊരു ശതമാനം.  
32 റെസ്‌ക്യൂ ഗാർഡ്‌
രക്ഷാപ്രവർത്തനങ്ങൾക്കായി സീ റെസ്‌ക്യൂ ഗാർഡുകളുടെ സേവനവും ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക പരിശീലനം നേടിയ റസ്‌ക്യൂ ഗാർഡുകളുടെ സേവനവും ലഭ്യമാക്കും. 
ജില്ലയിലെ നാല് ഹാർബറിലായി 32 റെസ്‌ക്യൂ ഗാർഡുമാരെ സജ്ജമാക്കി. ആവശ്യമായ ബോട്ടുകളും മറൈൻ ആംബുലൻസ് സൗകര്യവും സജ്ജമാക്കി.
24 മണിക്കൂർ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ കൺട്രോൾ റൂം ഉണ്ടാകുമെന്ന്‌ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ അറിയിച്ചു. 
ഫിഷറീസ് കൺട്രോൾ റൂം നമ്പർ:- 0495- 2414074, 0495 -2992194, 9496007052. കോസ്റ്റ് ഗാർഡ്: 1554.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top