26 April Friday

വലിയ ചോദ്യങ്ങൾ ഉയർത്തി ‘കുഞ്ഞിക്കല്യാണി’

സ്വന്തം ലേഖകൻUpdated: Friday Jun 9, 2023

കുഞ്ഞിക്കല്യാണി നാടകരംഗത്തിൽനിന്ന്

കൊയിലാണ്ടി
ഝാൻസിറാണിയും പൂമാതൈ പൊന്നമ്മയുമെല്ലാം വിലസിയ രാജ്യത്ത് സ്ത്രീകൾ എങ്ങനെയാണ്‌ നിരന്തരമായി ആക്രമിക്കപ്പെടുന്നത്‌...? സമൂഹത്തിനുനേരെ ചാട്ടുളിപോലെ നിരവധി ചോദ്യങ്ങൾ എയ്യുകയാണ്‌ ചേമഞ്ചേരി പഞ്ചായത്ത്‌ കുടുംബശ്രീ ഒരുക്കിയ ‘കുഞ്ഞിക്കല്യാണി’ നാടകം. സ്ത്രീകളുടെ ചെറുത്തുനിൽപ്പിന്റെയും പ്രതിരോധത്തിന്റെയും കഥയാണ്‌ കുഞ്ഞിക്കല്യാണി പറയുന്നത്‌. സംസ്ഥാന കുടുംബശ്രീ കലോത്സവത്തിൽ മൂന്നാംസ്ഥാനം ലഭിച്ച നാടകത്തിൽ ആഘോഷ കമ്മിറ്റി പ്രസിഡന്റായി വേഷമിട്ട ഹേമലതയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ആൺവേഷത്തിലാണ്‌ ഹേമലത അരങ്ങിൽ അത്ഭുത പ്രകടനം നടത്തിയത്‌.  ഒന്നാം വാർഡിലെ കുടുംബശ്രീ ഗ്രൂപ്പ്‌ ‘ചേമഞ്ചേരി കലാവേദി’യിലെ പ്രവർത്തകരാണ് കുഞ്ഞിക്കല്യാണിയിൽ അഭിനയിച്ചത്.  രണ്ടുവർഷവും സംസ്ഥാന കലോത്സവത്തിൽ സമ്മാനം ലഭിച്ചിരുന്നു.  ദീപു തൃക്കോട്ടൂരാണ് നാടകത്തിന്റെ  രചനയും സംവിധാനവും നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്‌ സതി കിഴക്കയിലും പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഗോപിക, ശുഭശ്രീ, ധന്യ, രസിത എന്നിവരും അരമണിക്കൂർ നാടകത്തിൽ രംഗത്തുവരുന്നു.     നാടകത്തിൽ വേഷമിട്ട രസിതക്കാണ് പ്രച്ഛന്നവേഷ ത്തിലും സംസ്ഥാനത്ത് ഒന്നാംസ്ഥാനം. രസിതയുടെ ഭർത്താവ് ഉദേഷ് അരാക്കിലാടത്താണ് ചമയം. ശിവപ്രിയ, ലക്ഷ്മി എന്നിവരാണ്‌  സംഗീതം നിർവഹിച്ചത്‌.  മനോജ് കൃഷ്ണപുരി, കെ പി ഉണ്ണി, ശശി ആനയാടത്ത്, ദിവാകരൻ അടക്കമുള്ള കുടുംബ കൂട്ടായ്മയാണ് അണിയറയിൽ പ്രവർത്തിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top