19 September Friday
ഷിഫ്‌റ്റ്‌ പുനഃക്രമീകരണം നീതിയല്ലെന്ന്‌ മുൻ ജീവനക്കാർ

കുതിരവട്ടത്ത് സുരക്ഷാജീവനക്കാരെ 
നിയമിച്ചുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
കോഴിക്കോട്‌ 
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാജീവനക്കാരില്ലാത്ത പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടങ്ങി. നേരത്തെയുണ്ടായിരുന്ന 24 മണിക്കൂർ ഡ്യൂട്ടി ഒരുമിച്ചെടുക്കുന്ന  രീതി കഴിഞ്ഞ ദിവസം മുതൽ പുനഃക്രമീകരിച്ചിരുന്നു. എട്ട്‌ മണിക്കൂറുള്ള ആദ്യഷിഫ്‌റ്റും 16 മണിക്കൂറുള്ള രണ്ടാം ഷിഫ്‌റ്റുമായി ജോലി പുനഃക്രമീകരിക്കുന്നതിൽ താൽക്കാലിക ജീവനക്കാർ വിസമ്മതം അറിയിച്ചു. ഇവർ സേവനം അവസാനിപ്പിച്ചതോടെയാണ്‌ പുതിയ നിയമനത്തിന്‌ ആശുപത്രി അധികൃതർ ശ്രമം തുടങ്ങിയത്‌. വ്യാഴാഴ്‌ച അഭിമുഖത്തിലൂടെ പത്തുപേരെ നിയമിച്ചു.  ഇവർ വെള്ളിയാഴ്‌ചമുതൽ ജോലിക്കെത്തുമെന്ന്‌ ആർഎംഒ അറിയിച്ചു. അതേസമയം പുതിയ ക്രമീകരണം പകപോക്കലിന്റെ ഭാഗമാണെന്നാണ്‌ തൊഴിലാളികളുടെ വാദം. 
 ജില്ലാ സൈനിക ക്ഷേമ ഓഫീസ്‌ മുഖേന അഭിമുഖം നടത്തി നിയമിച്ച 15 ജീവനക്കാർ കഴിഞ്ഞ ദിവസം മുതൽ ജോലിയിലില്ല. ഷിഫ്‌റ്റ്‌ പുനഃക്രമീകരിച്ചാൽ 675 രൂപ ദിവസക്കൂലിക്ക്‌ ജോലിചെയ്യാൻ താൽക്കാലിക ജീവനക്കാർ വിസമ്മതം അറിയിച്ചിരുന്നു. ബോണ്ട്‌ പുതുക്കുന്ന ഘട്ടത്തിൽ ഉൾപ്പെടെ പുതിയ ഷിഫ്‌റ്റ്‌ സമ്പ്രദായം ഏർപ്പെടുത്തുന്നത്‌ അറിയിച്ചില്ലെന്നും ഇവർ പറയുന്നു. 
ഡോ. വന്ദനാദാസിന്റെ കൊലപാതകവും മാനസിക രോഗാശുപത്രിയിൽനിന്ന്‌ രോഗികൾ കടന്നുകളഞ്ഞ സംഭവവും മുൻനിർത്തി സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ്‌ ഷിഫ്‌റ്റിലെ മാറ്റമെന്ന്‌ ആശുപത്രി അധികൃതർ പറഞ്ഞു. ജോലിയിൽനിന്ന്‌ ആരെയും പിരിച്ചുവിട്ടിട്ടില്ല.  അവർ സ്വയം ജോലി അവസാനിപ്പിച്ചതാണെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. ഇതിനിടെ മുൻ ജീവനക്കാർ പരാതിയുമായി ജില്ലാ സൈനികക്ഷേമ ഓഫീസിനെ  സമീപിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top