29 March Friday

ചുട്ടെടുത്ത്‌ 
റോഡ്‌

പി കെ സജിത്ത്Updated: Thursday Feb 9, 2023

പാലക്കാടി–-ഏരിമല റോഡ്‌ പണി നടക്കുന്നു

 

കോഴിക്കോട്‌ 
ഒരു റോഡിന്‌ പദ്ധതിയിൽ പണം വകയിരുത്തിയാലും എഎസും ടിഎസും എന്നെല്ലാം പറഞ്ഞ്‌ കടലാസുപണികൾക്കായി മാസങ്ങൾ നടക്കണം. അതു കഴിഞ്ഞ്‌ പ്രവൃത്തി തുടങ്ങിയാലോ മാസങ്ങൾ പിന്നെയും കഴിയണം റോഡൊന്ന്‌ കറുത്തുകാണാൻ. ഈ കീഴ്‌വഴക്കമാണ്‌ സർക്കാരും കരാറുകാരും കുന്നമംഗലത്ത്‌ തിരുത്തിയത്‌. രണ്ടുമാസംകൊണ്ട്‌ പൊതുമരാമത്ത്‌ വകുപ്പും ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയും ഒരു റോഡ്‌ ‘ചുട്ടെടുക്കുക’യായിരുന്നു.  ഇത്രയും വേഗം പ്രവൃത്തി പൂർത്തീകരിച്ച്‌ റോഡ്‌ ഉദ്‌ഘാടനത്തിനൊരുങ്ങിയത്‌ സംസ്ഥാനത്ത്‌ തന്നെ ഇതാദ്യമാകും. 
കുന്നമംഗലം മണ്ഡലത്തിലെ പാലക്കാടി–-ഏരിമല റോഡിന്‌ 2022-–-23 വർഷത്തെ ബജറ്റിലാണ്‌ മൂന്നുകോടി രൂപ വകയിരുത്തിയത്‌. രണ്ടുകിലോമീറ്റർ 5.50 മീറ്റർ വീതിയുള്ള റോഡിന്റെ എല്ലാ പ്രവൃത്തിയും റെക്കോഡ്‌ വേഗത്തിലായിരുന്നു. ജനുവരി 25നകം  ആദ്യഘട്ടമായ വെറ്റ്മിക്സ് മെക്കാഡം ബേസ് പ്രവൃത്തിയും 31ന് ഡെൻസ്‌ ബിറ്റുമിനസ്‌ മെക്കാഡ്‌ (ഡിബിഎം) പ്രവൃത്തിയും ഫെബ്രുവരി നാലിന് ബിസി ടാറിങ്ങും പൂർത്തിയായി. 
റോഡിന് ഫണ്ട് അനുവദിച്ചാൽ അനേകം നടപടിക്രമങ്ങളാണ്‌ ഉണ്ടാകുക. ഇത്തരം നടപടിക്കുരുക്കുകളാണ്‌ പ്രവൃത്തി വൈകുന്നതിനിടയാക്കുന്നത്‌.  ഇത്‌ വേഗത്തിൽ തീർക്കാനായതാണ്‌ വിജയം. പാലക്കാടി–-ഏരിമല റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിൽ നവീകരിക്കാനായിരുന്നു മൂന്നുകോടി വകയിരുത്തിയത്‌. 2022 ജൂൺ 21ന് ഭരണാനുമതി(എഎസും)യും സെപ്തംബർ 19ന് സാങ്കേതികാനുമതി(ടിഎസും)യും നൽകി. ഒക്ടോബർ 24നായിരുന്നു നിർമാണോദ്ഘാടനം. നവംബറിൽ മറ്റു നടപടികളും പൂർത്തിയാക്കി. റോഡ് സേഫ്റ്റി പ്രവർത്തനങ്ങളാണ് ഇനിയുള്ളത്. ഈ മാസം അതും പൂർത്തിയാക്കും.  ഏഴുമാസംകൊണ്ട്‌ തീർക്കേണ്ട പ്രവൃത്തിയാണ്‌ രണ്ടുമാസംകൊണ്ട്‌ പൂർത്തിയാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top