20 April Saturday
ദീപകിന്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതം

ദീപക്‌ എറണാകുളത്തെത്തിയതായി അന്വേഷകസംഘം

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022
വടകര
മേപ്പയൂർ സ്വദേശി വടക്കേടത്ത്കണ്ടി ദീപകിന്റെ (32) തിരോധാനത്തിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഊർജിതം.  ജൂൺ ഏഴിന് മേപ്പയൂരിലെ വീട്ടിൽനിന്ന്‌ വിദേശത്തേക്ക് പോകാനുള്ള രേഖകൾ തയ്യാറാക്കാൻ എറണാകുളത്തേക്ക് പോയശേഷമാണ്‌ ദീപകിനെ കാണാതായത്‌. തുടർന്ന്‌ ഈ ദിവസം എറണാകുളം, തലശേരി, പാലക്കാട് എന്നിവിടങ്ങളിൽ യാത്രചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം രാത്രി ഒമ്പതിന് കോഴിക്കോട് മാവൂർ റോഡിലുണ്ടായിരുന്നതായി ടവർ ലൊക്കേഷൻ വഴി മനസ്സിലായതായും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളും ഫെയ്‌സ് ബുക്ക്, ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചെങ്കിലും ഒരു തെളിവും ലഭിച്ചിട്ടില്ല. വിദേശത്ത് സുരക്ഷ ജീവനക്കാരനായിരുന്നു ദീപക്. പിന്നാലെ നാട്ടിലെത്തി.  180 സെന്റീമീറ്റർ ഉയരമുണ്ട്. നല്ല തടിയും ഇരുനിറവുമാണ്. വീട്ടിൽനിന്ന്‌ പോകുമ്പോൾ നീല കളർ ജീൻസും നീലക്കള്ളി ഷർട്ടുമാണ് ധരിച്ചത്. കാണാതായി 12 ദിവസത്തിനുശേഷം ബന്ധുക്കൾ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്‌. ഇതിനിടെ ജൂലൈ 17ന് തിക്കോടി കോടിക്കൽ ബീച്ചിൽ കണ്ടെത്തിയ മൃതദേഹവുമായി സാമ്യം തോന്നിയതിനാൽ  ബന്ധുക്കൾ ഏറ്റുവാങ്ങി പിറ്റേന്ന്‌ സംസ്കരിച്ചിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനയിൽ മൃതദേഹം ദീപകിന്റേതല്ലെന്ന് വ്യക്‌തമാവുകയും സ്വർണക്കടത്ത്‌ സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റേതാണെന്ന്‌ തെളിയുകയും ചെയ്‌തു. പിന്നാലെ ദീപകിന്റെ അമ്മ ഹൈക്കോടതിയിൽ ഫയൽ ചെയ്‌ത ഹേബിയസ് കോർപ്പസ് ഹർജിയിലാണ്‌ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ ഹരിദാസന്റെ നേതൃത്വത്തിൽ എട്ട് അംഗ സംഘത്തിന്‌ കേസ്‌ കൈമാറിയത്‌. ദീപകിനെ കണ്ടെത്തുന്നവർ 9497990120 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന്‌ അന്വേഷകസംഘം അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top