29 March Friday
ഉയരെ പറക്കും

നാം തുന്നിയ പതാകകൾ

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022

സ്‌നേഹവർണങ്ങൾ കോർത്ത്...കോഴിക്കോട് തളി ഗവ. യുപി സ്കൂളിലെ വിദ്യാർഥികൾ ദേശീയപതാക നിർമിക്കുന്നു

കോഴിക്കോട്‌

സ്വന്തം കൈകളാൽ തുന്നിയെടുത്ത ദേശീയ പതാക ഉയർത്തിയാണ്‌ നമ്മൾ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുക. നമ്മൾ നൂറ്റ നൂലിനാലും നെയ്‌ത വസ്‌ത്രത്താലും സ്വാതന്ത്ര്യത്തിലേക്ക്‌ നടന്നുകയറിയതിന്റെ ഓർമകളെ ഇതേക്കാൾ മധുരതരമായി ആദരിക്കാനാവില്ല. ‘ഹർ ഘർ തിരംഗ'യുടെ ഭാഗമായി ജില്ലയിലുടനീളം പതാക നിർമാണം പുരോഗമിക്കുകയാണ്‌. കൊയിലാണ്ടി സഹയോഗിൽ നിർമിക്കുന്നത് 25,000 പതാകകളാണ്‌.
സഹയോഗ് ബദൽ ഉൽപ്പന്ന നിർമാണ യൂണിറ്റിലെ കെ സുനിലയും 10 സഹപ്രവർത്തകരും ദിവസങ്ങളായി പതാകനിർമാണത്തിലാണ്‌. പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളും ദൗത്യത്തിൽ പങ്കാളികളാണ്.  കോഴിക്കോട് നിന്നും മൊത്തവിലയ്‌ക്ക്‌ തുണി വാങ്ങിയാണ്‌ നിർമാണം. പതാകകൾ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ജില്ലാ മിഷന്റെ നിർദേശാനുസരണം കൈമാറും. 
കോട്ടൺ, പോളിസ്റ്റർ തുണിയിൽ  മാനദണ്ഡം പാലിച്ച്‌ വിവിധ അളവുകളിലാണ് നിർമാണം. കോട്ടൺ പതാകയ്ക്ക് 40 രൂപയും ഇതേ അളവിലെ പോളിസ്റ്റർ മിക്‌സ് പതാകയ്‌ക്ക്‌ 30 രൂപയുമാണ്‌.
തിരക്കിലാണ്‌ കുടുംബശ്രീ 
പ്രവർത്തകർ
വീടുകളില്‍ ഉയര്‍ത്താന്‍ ദേശീയ പതാകകള്‍ നിര്‍മിക്കുന്ന തിരക്കിലാണ് കടലുണ്ടിയിലെ ഫാഷന്‍ ഷേഡ്‌സ് കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍. നാല് കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ തയ്യല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മറ്റു കുടുംബശ്രീ അംഗങ്ങളും ചേര്‍ന്നാണ് ദേശീയ പതാക നിര്‍മിക്കുന്നതെന്ന്‌ യൂണിറ്റ് സെക്രട്ടറി ലളിത പറഞ്ഞു.  5000 പതാക  നിർമിക്കുന്നുണ്ട്‌. കടലുണ്ടി പഞ്ചായത്തിലേക്കും ഫറോക്ക് മുനിസിപ്പാലിറ്റിയിലേക്കുമാണ് പതാക. ഒരാഴ്ചയായി രാപകലില്ലാതെ ഇതിന്റെ പ്രവര്‍ത്തനത്തിലാണ്. ഒരാള്‍ ദിവസം 80 പതാക നിര്‍മിക്കുന്നു. 
കടലാസിൽ വിരിയുന്നു 
കുഞ്ഞുപതാകകൾ
വിദ്യാലയങ്ങളിലും പതാക നിർമാണം നടക്കുന്നു.  സ്വാതന്ത്ര്യദിനത്തിൽ റാലിക്കും മറ്റും ഉപയോഗിക്കാൻ കടലാസുകൊണ്ടുള്ള കുഞ്ഞുപതാകകൾ മിക്ക സ്‌കൂളുകളിലും നിർമിക്കുന്നുണ്ട്‌. പതാക നിർമാണം എല്ലാ സ്‌കൂളുകളിലും പഠനപ്രവർത്തനവും സ്വാതന്ത്ര്യദിനാഘോഷത്തിലെ പരിപാടിയുമാണ്‌. ചിലയിടങ്ങളിൽ കുട്ടികൾക്ക്‌ വീടുകളിൽ ഉയർത്താനുള്ള പതാകയും തയ്യാറാക്കുന്നു. 
74 വർഷം മുമ്പത്തെ അർധരാത്രിയിൽ  സ്വാതന്ത്ര്യത്തിന്റെ പെരുമ്പറ മുഴങ്ങിയ കഥകളുടെ അകമ്പടിയോടെയായിരുന്നു വിദ്യാലയങ്ങളിലെ പതാകനിർമാണം. മെഗഫോണിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അറിയിപ്പുമായി യുവാക്കൾ നീങ്ങിയതും കാൽനടയായി വിദ്യാർഥികളും മുതിർന്നവരും ദേശീയ പതാകയുമേന്തി ജയ്‌വിളിച്ചതും നാടിനെ ഇളക്കിമറിച്ച കഥകളും പതാക നിർമാണ കളരികൾക്ക്‌ ഹരമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top