26 April Friday
പിഎസ്‌സിയുടെ നേട്ടം കോവിഡ്‌ പ്രതിസന്ധി മറികടന്ന്‌

നിയമനങ്ങളിൽ കുതിപ്പ്‌

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022

 കോഴിക്കോട്‌ 

കോവിഡ്‌ സൃഷ്ടിച്ച സ്‌തംഭനാവസ്ഥയും സാമ്പത്തിക ഞെരുക്കവും അതിജീവിച്ച്‌ ജില്ലയിൽ പിഎസ്‌സി മുഖേനയുള്ള നിയമനങ്ങളിൽ കുതിപ്പ്‌. നാലുവർഷത്തിനിടെ നിലവിൽവന്ന പ്രധാന റാങ്ക്‌ പട്ടികയിൽനിന്ന്‌ മാത്രം നിയമനം ലഭിച്ചത്‌ 3242 പേർക്ക്‌. സംസ്ഥാനാടിസ്ഥാനത്തിലുള്ള റാങ്ക്‌ പട്ടികകളിലെ നിയമനങ്ങളും മറ്റ്‌ തസ്‌തികകളിലെ നിയമനവും ചേരുമ്പോൾ ജില്ലയിൽനിന്ന്‌  ജോലി ലഭിച്ചവർ അയ്യായിരം പിന്നിടും. സംസ്ഥാനാടിസ്ഥാനത്തിലുള്ള റാങ്ക്‌ ലിസ്‌റ്റുകളിലെ നിയമനങ്ങളും മറ്റ്‌  തസ്‌തികകളിലെ നിയമനവും ചേരുമ്പോൾ ജില്ലയിൽ നിന്ന്‌ ജോലി ലഭിച്ചവർ അയ്യായിരം പിന്നിടും. നിയമനങ്ങളിലും ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുന്നതിലും പരീക്ഷാനടത്തിപ്പിലും കോവിഡ്‌ പ്രതിസന്ധി സൃഷ്ടിച്ചിട്ടും റെക്കോർഡ്‌ വേഗത്തിലാണ്‌ പിന്നീട്‌ നിയമന നടപടികൾ മുന്നേറിയത്‌.
ആയിരം പിന്നിട്ട്‌ 
എൽഡി ക്ലർക്ക്‌ നിയമനം  
കഴിഞ്ഞ എൽഡി ക്ലർക്ക്‌ റാങ്ക്‌ പട്ടികയിൽ ഏറ്റവും കൂടുതൽ നിയമനം നടന്ന ജില്ലകളിലൊന്ന്‌ കോഴിക്കോടാണ്‌. കഴിഞ്ഞ ആഗസ്‌തിൽ കാലാവധി പൂർത്തിയായ പട്ടികയിൽനിന്ന്‌ 80.67 ശതമാനം പേർക്കാണ്‌ നിയമനം ലഭിച്ചത്‌. 1242 പേരുള്ള റാങ്ക്‌ പട്ടികയിൽ 1002 പേർക്കും ജോലി ലഭിച്ചു. പ്രിലിമിനറി പരീക്ഷാപരിഷ്‌കരണം നടപ്പാക്കിയ ശേഷം നിലവിൽവന്ന പുതിയ പട്ടികയിൽ 987 പേരാണുള്ളത്‌. 54.33 കട്ട്‌ ഓഫ്‌ മാർക്ക്‌ നേടിയവർ ഉൾപ്പെട്ട ഈ പട്ടികയിൽനിന്നുള്ള നിയമന നടപടി ഉടൻ അരംഭിക്കും. 
കഴിഞ്ഞ ആഗസ്‌തിൽ കാലാവധി പൂർത്തിയായ 1980 പേരുള്ള ലാസ്‌റ്റ്‌ ഗ്രേഡ്‌ സർവന്റ്‌സ്‌ പട്ടികയിൽ 786 പേർക്കാണ്‌ നിയമനം ലഭിച്ചത്‌. കഴിഞ്ഞ മാർച്ചിൽ കാലാവധി തീർന്ന 295 പേരുള്ള എൽപിഎസ്എ പട്ടികയിൽ മുഴുവൻ പേർക്കും നിയമനമായി. കഴിഞ്ഞ വർഷം ഏപ്രിലിൽ കാലാവധി തീർന്ന സിവിൽ സപ്ലൈസ്‌ കോർപറേഷൻ അസിസ്‌റ്റന്റ്‌ സെയിൽസ്‌മാൻ റാങ്ക്‌പട്ടികയിൽ 405 പേരുണ്ടായിരുന്നു. ഇതിൽ 276 പേർക്ക്‌ നിയമനം നൽകി.
അതിവേഗത്തിൽ 
നിയമന നടപടി 
നിലവിലുള്ള റാങ്ക്‌ പട്ടികയിൽനിന്നും അതിവേഗത്തിലാണ്‌ നിയമന നടപടികൾ. 2019 ഒക്ടോബറിൽ നിലവിൽവന്ന ലിസ്‌റ്റിൽ വില്ലേജ്‌ ഫീൽഡ്‌ അസിസ്‌റ്റന്റുമാരായി 146 പേർക്ക്‌ അവസരം ലഭിച്ചു. വില്ലേജ്‌ ഓഫീസ്‌ അസിസ്‌റ്റന്റുമാരായി 36 പേർക്കും തൊഴിൽ ലഭിച്ചു. 2020 ഏപ്രിലിൽ നിലവിൽവന്ന അസിസ്‌റ്റന്റ്‌ ക്രെയിൻ ഡ്രൈവർ ലിസ്‌റ്റിൽ 12 പേർക്കും ഹോമിയോപ്പതി അറ്റൻഡർ ഗ്രേഡ്‌ രണ്ടിൽ ആറുപേർക്കും നിയമനം നൽകി. 2020 മാർച്ചിൽ വന്ന ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർ പട്ടികയിൽ 19 പേർക്ക്‌ നിയമനമായി. 2019 ഏപ്രിലിൽ പ്രസിദ്ധീകരിച്ച സിവിൽ എക്‌സൈസ്‌ ഓഫീസർ ലിസ്‌റ്റിൽ 40 നിയമന ശുപാർശയുണ്ട്‌.
വിവിധ എച്ച്‌എസ്‌എ പട്ടികകളിലെ നിയമനവും പുരോഗമിക്കുന്നു. സോഷ്യൽ സ്‌റ്റഡീസ്‌–- 112, നാച്വറൽ സയൻസ്‌–- 32, ഫിസിക്കൽ സയൻസ്‌–- 72, മാത്‌സ്‌–-112 എന്നിങ്ങനെയാണ്‌ നിയമനം. ഹയർ സെക്കൻഡറിയിൽ ലാബ്‌ അസിസ്‌റ്റന്റുമാരായി 41 പേരെ ഇതുവരെ നിയമിച്ചു.  കഴിഞ്ഞവർഷം ഏപ്രിലിൽ വുമൺ സിവിൽ എക്‌സൈസ്‌ ഓഫീസർ ലിസ്‌റ്റിലെ ഒമ്പതുപേർക്കാണ്‌ നിയമനം.
കോവിഡ്‌ സാഹചര്യം പരിഗണിച്ച്‌ ആരോഗ്യവകുപ്പിന്‌ കീഴിൽ വൻതോതിലാണ്‌ നിയമനമുണ്ടായത്‌. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ–-39, ലാബ്‌ ടെക്‌നീഷ്യൻ–-48, ഫാർമസിസ്‌റ്റ്‌, സ്‌റ്റാഫ്‌ നഴ്‌സ്‌–-12, ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ –-ആറ്‌ എന്നിങ്ങനെയാണ്‌ നിയമനം. സിവിൽ എക്‌സൈസ്‌ ഓഫീസർ–- 40, ബീറ്റ്‌ ഫോറസ്‌റ്റ്‌  ഓഫീസർ–- 19 എന്നിങ്ങനെയാണ്‌ മറ്റ്‌ പ്രധാന നിയമനങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top