27 April Saturday
കമ്പനിക്ക്‌ അംഗീകാരമായി

നാപ്‌കിനും ഡയപ്പറും വലിച്ചെറിയരുത്‌ 
വീട്ടിലെത്തി ശേഖരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
സ്വന്തം ലേഖിക
കോഴിക്കോട്‌
ഉപയോഗിച്ചു കഴിഞ്ഞ ഡയപ്പറും നാപ്‌കിനുമെല്ലാം  സംസ്‌കരിക്കുന്നതിനുള്ള പൊല്ലാപ്പ്‌ ചില്ലറയല്ല. കോഴിക്കോട്‌ നഗരത്തിന്‌  അതിനുത്തരമുണ്ട്‌. ഡയപ്പറും നാപ്‌കിനും ബയോമെഡിക്കൽ മാലിന്യവും  വീടുകളിൽനിന്ന്‌  ശേഖരിച്ച്‌ സംസ്‌കരിക്കുന്നതിന്‌ പദ്ധതിയായി. ഇതിനായി  തെരഞ്ഞെടുത്ത കമ്പനിക്ക്‌   ആരോഗ്യ സ്ഥിരംസമിതി അംഗീകാരമായി. കൗൺസിൽ അംഗീകരിച്ചാൽ അടുത്ത മാസത്തോടെ നടപ്പാക്കും. ആദ്യമായാണ്‌ ഇത്തരം സംരംഭം. 
എ ഫോർ മർക്കൻറ്റെയിൽ എന്ന കമ്പനിയെയാണ്‌  തെരഞ്ഞെടുത്തത്‌. കൊച്ചിയിലെ  കെഇഐഎല്ലു (കേരള എൻവിറോ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌)മായി സഹകരിച്ചാണ്‌ നടത്തിപ്പ്‌.  ഹരിത കർമസേന  ജൈവ–- അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നപോലെ ഡയപ്പർ, നാപ്‌കിൻ, ബയോമെഡിക്കൽ മാലിന്യങ്ങൾ  ശേഖരിക്കും.  കൊച്ചിയിലെ കെഇഐഎല്ലിലെത്തിച്ചാണ്‌ സംസ്‌കരിക്കുക. 
അണുവിമുക്തമാക്കിയ ബാഗുകൾ  വീടുകളിൽ നൽകും.  മാലിന്യം നിറയുമ്പോൾ ഇതിനായി തയ്യാറാക്കിയ  ആപ്‌‌ വഴി കമ്പനിയെ അറിയിച്ചാൽ  അവരെത്തി ശേഖരിക്കും.  കിലോക്ക്‌ 45 രൂപയും ജിഎസ്‌ടിയും  വീട്ടുകാർ  നൽകണം.  ഞായറാഴ്‌ചകളിലും കുറഞ്ഞ നിരക്കിൽ ശേഖരിക്കുന്ന സംവിധാനവും പരിഗണനയിലുണ്ട്‌. നാല്‌ കമ്പനികളാണ്‌ ടെൻഡറിൽ പങ്കെടുത്തത്‌.  ഒരു വർഷത്തേക്കാണ്‌ കരാർ. 
കുട്ടികൾക്കും കിടപ്പ്‌ രോഗികൾക്കുമുള്ള ഡയപ്പർ,  സ്‌ത്രീകളുടെ  നാപ്‌കിൻ എന്നിവ  വീടുകളിൽ കൂട്ടിവച്ച്‌ രാത്രി ദേശീയപാതകളുടെ ഓരത്തും ഒഴിഞ്ഞ പറമ്പിലും  തള്ളുകയാണ്‌ പലരും. ചിലർ കത്തിക്കും. രണ്ടായാലും പരിസ്ഥിതിക്ക്‌   ദോഷമാണ്‌.  ഇതിനൊപ്പം സിറിഞ്ച്‌, മരുന്ന്‌ കവർ, ട്യൂബുകൾ എന്നിവയും തള്ളുന്നുണ്ട്‌. വലിയ പാരിസ്ഥിതിക പ്രശ്‌നത്തിനാണ്‌  പരിഹാരം കാണാൻ ശ്രമിക്കുന്നതെന്ന്‌ ആരോഗ്യ സമിതി അധ്യക്ഷ ഡോ. എസ്‌ ജയശ്രീ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top