08 May Wednesday
കക്കയം ഗവ. എൽപി സ്‌കൂൾ

ഭൂമി വാങ്ങിയതിൽ അഴിമതി: കേസെടുക്കാൻ അനുമതി തേടി വിജിലൻസ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
ബാലുശേരി
കക്കയം ഗവ. എൽപി സ്കൂളിന് കെട്ടിടം നിർമിക്കാൻ ഭൂമി വാങ്ങിയതിലും കെട്ടിടം പണിതതിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കാൻ വിജിലൻസ് അനുമതി തേടി. കൂരാച്ചുണ്ടിലെ പൊതുപ്രവർത്തകൻ കെ ജി അരുൺ കോഴിക്കോട്‌ വിജിലൻസ്‌ യൂണിറ്റിന്‌ നൽകിയ പരാതിയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലായതോടെയാണ്‌ എഫ്ഐആർ ഇട്ട് കേസെടുക്കാൻ സംസ്ഥാന വിജിലൻസ് ഡയറക്ടറേറ്റിന്റെ അനുമതിതേടിയത്‌. 
യുഡിഎഫ് ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്നാണ് കക്കയം ഗവ. എൽപി സ്കൂളിന് ഭൂമി വാങ്ങിയതിൽ കൊള്ള നടത്തിയത്.  കക്കയം കെഎസ്ഇബി കോളനിക്ക് സമീപം കെഎസ്ഇബി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പകൽസമയത്ത് ഉൾപ്പെടെ സ്കൂൾ മുറ്റത്ത് എത്താറുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി കൂരാച്ചുണ്ട് പഞ്ചായത്ത് വലിയ വിലയ്‌ക്ക്‌ ഭൂമി വാങ്ങിയത്. 16 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. 
കുട്ടികൾക്ക് എത്തിപ്പെടാൻ കഴിയാത്തത്ര ചെങ്കുത്തായ സ്ഥലത്താണ് ഭൂമി വാങ്ങിയത്. മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വില നൽകിയാണ് ഭൂമി വാങ്ങിയതെന്ന് അന്നേ പരാതി ഉയർന്നിരുന്നു. വലിയ പാറക്കൂട്ടങ്ങൾ അപകട സാധ്യതയുണ്ടാക്കുമെന്നും അഭിപ്രായമുയർന്നിരുന്നു. 14.4 ലക്ഷംരൂപ എസ്എസ്എ ഫണ്ട് ചെലവഴിച്ച് 2014 ലാണ് സ്കൂൾ കെട്ടിടം നിർമിച്ചത്. 
കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നിർമാണ ഫണ്ട്‌ ഉൾപ്പെടെ ചെലവാക്കിയത്. ലക്ഷങ്ങൾ ചെലവഴിച്ച് പുതുതായി നിർമിച്ച സ്കൂൾ കെട്ടിടം ഇപ്പോൾ കാടുമൂടിക്കിടക്കയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top