28 March Thursday

യൂത്ത്‌ ബ്രിഗേഡ്‌ ഇറങ്ങി; 
അത്യാഹിത വിഭാഗം തയ്യാർ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗം സജ്ജീകരിക്കുന്നു

കോഴിക്കോട്‌
ജീവിതത്തിൽ ഒരിക്കലും കാണാത്ത മനുഷ്യർക്ക്‌ രക്തം നൽകിയും  ദിവസവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ്‌ എത്തിച്ചും  മാതൃകാ പ്രവർത്തനം നടത്തുന്ന യുവജനങ്ങൾ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചൊവ്വാഴ്‌ച ഏറ്റെടുത്ത ദൗത്യത്തിലൂടെ ഒരുങ്ങിയത്‌ അത്യാഹിത ബ്ലോക്ക്‌. 
ഉദ്‌ഘാടന സജ്ജമായ ബ്ലോക്ക്‌ ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ ഒറ്റദിവസംകൊണ്ടാണ്‌ മാറ്റിമറിച്ചത്‌.   കട്ടിലുകളും കിടക്കകളും അലമാരകളും യഥാസ്ഥാനത്ത്‌ വച്ചു മനോഹരമാക്കി. സ്‌ട്രെച്ചറും ട്രോളിയും ആവശ്യമായ ഇടങ്ങളിൽ ഒതുക്കിവച്ചു.  
ഒന്ന്, രണ്ട്, മൂന്ന് നിലകളാണ്‌ ഒരു ദിവസംകൊണ്ട്‌ ആധുനിക ആശുപത്രിയുടെ രൂപവും ഭാവവുംനൽകി സജ്ജീകരിച്ചത്‌. ട്രയാജൻ നിരീക്ഷണ വാർഡ്, തിയേറ്ററുകൾ, ഫാർമസി, രണ്ട്, മൂന്ന് നിലകളിലെ വാർഡുകൾ എന്നിവിടങ്ങളിലാണ്‌ ഉപകരണങ്ങളും കട്ടിലുകളും മരുന്നുകളും ഒരുക്കിയത്‌. കട്ടിലുകൾ ആറാംനിലയിലെ കോവിഡ് ബ്ലോക്കിൽനിന്നും മരുന്നുകൾ എംസിഎച്ചിലെ ഫാർമസി സ്റ്റോറിൽ നിന്നുമാണ് കൊണ്ടുവന്നത്. 
 മെഡിക്കൽ കോളേജ് അധികൃതരുടെ അഭ്യർഥന മാനിച്ചാണ്‌ രാവിലെ എട്ടുമുതൽ വൈകിട്ടുവരെ യുവജനങ്ങൾ പ്രവർത്തനം നടത്തിയത്‌. 50 യൂത്ത് ബ്രിഗേഡുകൾ പങ്കാളികളായി. കോവിഡ് കാലത്ത് പണികഴിപ്പിച്ച കെട്ടിടം നാടിന്‌ സമർപ്പിക്കാനൊരുങ്ങുകയാണ്‌.  
സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ, ജില്ലാ ജോ.സെക്രട്ടറി ടി അതുൽ, ജില്ലാ സെക്രട്ടറിയറ്റംഗം ആർ ഷാജി, ജില്ലാ കമ്മിറ്റി അംഗം അക്ഷയ് പ്രമോദ്, സിനാൻ ഉമ്മർ, നിധിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top