അഴിയൂർ
അഴിയൂരിൽ വിദ്യാർഥിനിയെ ലഹരിമാഫിയ സംഘം മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിച്ചതായും മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചതായും പരാതി. മയക്കുമരുന്ന് ഉപയോഗിച്ച വിദ്യാർഥിനിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സതേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എട്ടാം ക്ലാസ് വിദ്യാർഥിനിക്കാണ് പുറത്തുനിന്നെത്തിയ യുവതി ലഹരികലർന്ന ബിസ്‌കറ്റും മയക്കുമരുന്നായ എംഡിഎംഎയും നൽകിയത്. വിദ്യാർഥിനിയോട് സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവയ്‌ക്കാൻ യുവതി നിർബന്ധിച്ചതായും ചോമ്പാല പൊലീസിൽ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പോക്‌സോ കേസെടുത്ത പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
ചുവന്ന മുടിയുള്ള യുവാവും നീരജ എന്ന് പരിചയപ്പെടുത്തിയ യുവതിയും താൻ അടക്കമുള്ള ചില പെൺകുട്ടികളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പെൺകുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തലശേരി ഭാഗത്ത് മയക്കുമരുന്ന് എത്തിക്കാൻ ഉപയോഗിച്ചതായും കുട്ടി മൊഴിനൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് എക്‌സൈസ്, പൊലീസ് സംഘങ്ങൾ പ്രദേശത്ത് വ്യാപക പരിശോധന ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..