20 April Saturday
കെട്ടിട നമ്പർ ---ക്രമക്കേട്‌

അന്വേഷണം അട്ടിമറിക്കാൻ 
യുഡിഎഫ്‌ ശ്രമം: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

എൽഡിഎഫ് ജനകീയ പ്രതിരോധം ടാഗോർ ഹാളിൽ എളമരം കരീം എംപി ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌
കോർപറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട ശരിയായ അന്വേഷണം അട്ടിമറിക്കാൻ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ യുഡിഎഫ്‌ ശ്രമിക്കുകയാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. കോർപറേഷൻ എൽഡിഎഫ്‌ സിറ്റി കമ്മിറ്റി ടാഗോർ ഹാളിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സംഗമം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
അഴിമതിക്കാരെ പിടികൂടാൻ അടിയന്തര നടപടികളാണ്‌ ഭരണസമിതി സ്വീകരിച്ചത്‌. കൈകൾ ശുദ്ധമായതുകൊണ്ടാണ്‌ അവർക്ക്‌  നടപടി സ്വീകരിക്കാനായത്‌. എന്നാൽ അന്വേഷണം അട്ടിമറിക്കാനാണ്‌ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്‌. എന്തൊക്കെ കുതൂഹലമുണ്ടായാലും അഴിമതിക്കെതിരായ പോരാട്ടത്തിൽനിന്ന്‌ ഭരണസമിതി പിന്നാക്കം പോകരുത്‌. പൊലീസ്‌ അന്വേഷണത്തിൽ വമ്പൻ സ്രാവുകൾ പിടിയിലാകും. 
അഴിമതിക്കെതിരെ ഉചിത നടപടി സ്വീകരിച്ച ഭരണസമിതിയെ അഭിനന്ദിക്കുന്നതിന്‌ പകരം ചില മാധ്യമങ്ങൾ അഴിമതിക്കാർക്കൊപ്പം ചേർന്ന്‌ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്‌.  ഉദ്യോഗസ്ഥരല്ല സോഫ്‌റ്റ്‌വെയറാണ്‌ ക്രമക്കേടിന്‌ കാരണമെന്ന്‌ സ്ഥാപിക്കാനാണ്‌ ശ്രമം. തട്ടിപ്പുകാരെ വെള്ളപൂശി സാങ്കേതികവിദ്യയെ പഴിക്കുകയാണ്‌. ഇതിനുപിന്നിൽ ഗൂഢോദ്ദേശ്യമാണുള്ളത്‌. അനധികൃത നിർമാണങ്ങളുടെ ആശാന്മാരായ മാധ്യമമാണ്‌ ഈ കഥ മെനയുന്നത്‌. 
അന്വേഷണം ആരംഭിച്ചപ്പോൾതന്നെ യുഡിഎഫ്‌ വെപ്രാളത്തിലാണ്‌. മുൻ യുഡിഎഫ്‌ ഡെപ്യൂട്ടി മേയറുടെ മകനാണ്‌ അറസ്‌റ്റിലായത്‌. അത്‌ മൂടിവയ്‌ക്കാനാണ്‌ മാധ്യമങ്ങൾ ശ്രമിച്ചത്‌. വിഷയത്തെ രാഷ്‌ട്രീയവൽക്കരിക്കാതെ അന്വേഷണവുമായി സഹകരിക്കുകയാണ്‌ എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആവിക്കൽതോട്‌: 
യുഡിഎഫിന്റെത്‌ 
ജനവിരുദ്ധ സമീപനം
ആവിക്കൽതോട്‌ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ്‌ വിഷയത്തിൽ യുഡിഎഫ്‌ ജനവിരുദ്ധ നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌  എളമരം കരീം എംപി പറഞ്ഞു. കൗൺസിൽ ഏകകണ്‌ഠമായി അംഗീകരിച്ച പദ്ധതിക്കെതിരെയാണ്‌ യുഡിഎഫ്‌ എംഎൽഎ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചത്‌.  പ്രവൃത്തി തടയുന്നവരുടെ മുൻനിരയിൽ കോൺഗ്രസ്‌ എംപിയുമുണ്ട്‌. നാല്‌ വോട്ടിനുവേണ്ടി എത്രയും തരം താഴാമെന്നാണ്‌  കാണിക്കുന്നത്‌. നഗരം മാലിന്യമുക്തമാവുക എന്നത്‌ നാടിന്റെ  ആവശ്യമാണ്‌.  ജനങ്ങളുടെ ആശങ്ക പരിഹരിച്ച്‌ വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാനാണ്‌ ജനപ്രതിനിധികൾ ശ്രമിക്കേണ്ടത്‌.  പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത്‌ ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top