08 May Wednesday

ചെറുതല്ല, 
ചെറുധാന്യങ്ങളുടെ ലോകം

സ്വന്തം ലേഖികUpdated: Wednesday Jun 7, 2023

മാനാഞ്ചിറയിലെ മില്ലറ്റ് മേളയിൽനിന്ന്

കോഴിക്കോട് 
ചെറുധാന്യങ്ങളുടെ വലിയ ലോകമുണ്ട്‌ മാനാഞ്ചിറയിലെ മില്ലറ്റ്‌ മേളയിൽ. ഭക്ഷ്യസുരക്ഷയിലും ആരോഗ്യജീവനത്തിലും മില്ലറ്റിന്റെ ദൗത്യംമേളയിൽ പരിചയപ്പെടാം. നാളിതുവരെ അറിയാത്ത രുചികളെ അറിയാം. അന്താരാഷ്ട്ര മില്ലറ്റ്‌ വർഷത്തിൽ മില്ലറ്റ്‌ ആൻഡ്‌ സ്‌പൈസസ്‌ പ്രൊമോഷൻ സൊസൈറ്റിയാണ്‌ പ്രദർശനം ഒരുക്കിയത്‌. 
ചാമ, തിന, റാഗി, കമ്പം,ചോളം, കൂവരക്, കവടപ്പുല്ല്, ചണ അരി, ബ്രൗൺടോപ്പ് മില്ലറ്റ് എന്നീ ഒമ്പത്‌ ഇനം ചെറുധാന്യങ്ങളും  മൂല്യവർധിത ഉൽപ്പന്നങ്ങളുമാണ്‌ മേളയിലുള്ളത്‌. അവയിൽ  മില്ലറ്റ് ചിക്കൻ ബിരിയാണിയും വെജിറ്റബിൾ ബിരിയാണിയുമുണ്ട്‌. മില്ലറ്റ് ദോശ,  പായസം,  ഉപ്പുമാവ്, ഹെൽത്ത്‌ മിക്സ്, ബിസ്‌കറ്റ്, മിക്സ്ചർ തുടങ്ങി എല്ലാത്തിനും ചെറുധാന്യങ്ങളുടെ ബദലുണ്ട്‌. മില്ലറ്റ് ധാന്യങ്ങൾ, വിത്തുകൾ, റാഗി അവിൽ, തിന പുട്ടുപൊടി, റാഗി പപ്പടം തുടങ്ങിയവയും വാങ്ങാം. 
മില്ലറ്റ് ഉൽപ്പന്നങ്ങൾക്ക്‌ പുറമെ തേങ്ങാവെള്ള സ്‌ക്വാഷ്, ഇഞ്ചി നാരങ്ങ സ്‌ക്വാഷ്, ജാതിക്കത്തോട്‌ കാൻഡി, വയനാടൻ മഞ്ഞൾപ്പൊടി,  കുടംപുളി, തേൻ, മൈലാഞ്ചിപ്പൊടി, കറുവാപ്പട്ട തുടങ്ങിയവയുമുണ്ട്‌.  
 ‘ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ ചെറുധാന്യങ്ങൾ’ എന്നതാണ്‌ മേളയുടെ സന്ദേശം. 
സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ മില്ലറ്റ് പരിശീലനം കഴിഞ്ഞവരാണ് കൂട്ടായ്‌മയുടെ സാരഥികൾ. പ്രവൃത്തി ദിവസങ്ങളിൽ പകൽ മൂന്ന്‌ മുതൽ രാത്രി 8.30 വരെയും അവധി ദിവസങ്ങളിൽ പകൽ 11 മുതലും ആണ് മേള. 11 ന് സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top