29 March Friday
കാരുണ്യമായി കേരള ബാങ്ക്‌

കടുവാ ആക്രമണം: തോമസിന്റെ പണയരേഖകൾ കൈമാറി

സ്വന്തം ലേഖകൻUpdated: Tuesday Feb 7, 2023
 
മാനന്തവാടി
കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന്‌ കേരള ബാങ്കിന്റെ കാരുണ്യസ്‌പർശം. വയനാട് പുതുശ്ശേരി ആലക്കൽ പള്ളിക്കുന്ന്‌ തോമസിന്റെ കുടുംബത്തിന്‌ വായ്‌പയുടെ പണയരേഖകൾ കൈമാറി.        തോമസ്‌ കേരള ബാങ്ക് കോറോം ശാഖയിൽനിന്ന്‌ വീടും സ്ഥലവും പണയപ്പെടുത്തി എടുത്ത കാർഷിക വായ്‌പയായ അഞ്ചുലക്ഷം രൂപയും പലിശയും തള്ളിയാണ്‌ രേഖകൾ നിരുപാധികം തിരികെ നൽകിയത്‌. 
തൊണ്ടർനാട് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ തോമസിന്റെ ഭാര്യ സിനി, മകൻ സോജൻ എന്നിവർക്ക് രേഖകൾ കൈമാറി.  
ജനുവരി 12നാണ്‌ കടുവയുടെ ആക്രമണത്തിൽ തോമസ്‌ കൊല്ലപ്പെട്ടത്‌. 16ന്  ആലയ്‌ക്കലിലെ വീട്ടിലെത്തിയ ഗോപി കോട്ടമുറിക്കലും കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിനും വായ്പ തള്ളുമെന്ന്‌ ഉറപ്പുനൽകിയിരുന്നു.  പ്രഖ്യാപിച്ച്‌  20 ദിവസത്തിനകം നടപടി പൂർത്തിയാക്കി രേഖകൾ കുടുംബത്തിന് നൽകി. അടിയന്തര സഹായമായി സർക്കാർ പത്തുലക്ഷം രൂപയും മകന് വനംവകുപ്പിൽ താൽക്കാലിക ജോലിയും നൽകിയിട്ടുണ്ട്.
ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ അധ്യക്ഷനായി. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ ജോണി, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ കെ ശങ്കരൻ, ബ്ലോക്ക്‌  പഞ്ചായത്തംഗം പി ചന്ദ്രൻ, കേരള ബാങ്ക് റീജണൽ ജനറൽ മാനേജർ സി അബ്ദുൽ മുജീബ്, സി ജി പ്രത്യുഷ്, എ വി ജയൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top