20 April Saturday

പുതുപ്പെണ്ണുങ്ങളെ വരീൻ, മലയാളം പഠിക്കാം

കെ മുകുന്ദൻUpdated: Tuesday Feb 7, 2023
കുറ്റ്യാടി 
പുതുപ്പെണ്ണുങ്ങൾക്കായി കടുപ്പമുള്ള മലയാളം പാൽപ്പായസത്തിനൊത്ത മധുരം ചേർത്ത്‌  പഠിപ്പിക്കുകയാണ്‌ കായക്കൊടി ദേശം. ഇവിടുത്തെ ചെറുപ്പക്കാർ പെണ്ണുതേടി കർണാടകയിലും തമിഴ്‌നാട്ടിലുമൊക്ക എത്തിയപ്പോഴാണ്‌ ഭാഷ ഉടക്കിട്ടത്‌. പലരും ഭർതൃവീട്ടിലെത്തി വർഷങ്ങളായിട്ടും  മലയാളത്തോട്‌ പൊരുത്തപ്പെട്ടില്ല. മിന്നുകെട്ടിയെത്തിയ പെൺകൊടികളെ മലയാളം പരിശീലിപ്പിക്കാൻ പഠനകേന്ദ്രംതന്നെ തുറന്നാണ്‌ കായക്കൊടി തടസ്സമില്ലാത്ത  ആശയവിനിമയ സാധ്യതക്ക്‌ തുടക്കമിട്ടത്‌. നിടുമണ്ണൂർ സംവേദ്യ കലാസാംസ്കാരികവേദിയുടെ പഠനകേന്ദ്രമാണ്‌ ഭാഷയിലൂടെ മനുഷ്യരെയും സംസ്‌കാരങ്ങളെയും വിളക്കിച്ചേർക്കുന്നത്‌. 
   കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ അറുപതോളം പേർ  കർണാടകയിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമെല്ലാം പെണ്ണുകെട്ടിയവരാണ്‌. കർണാടകയിൽ വധുവിനെ കണ്ടെത്തിയ മുൻ പഞ്ചായത്തംഗം സതീശനാണ്‌ വിവാഹിതരായെത്തിയ പെൺകുട്ടികൾക്കായി ഭാഷാപഠനം എന്ന ആശയം അവതരിപ്പിച്ചത്‌. വീട്ടുകാർക്ക്‌ കന്നടയും ഭാര്യക്ക്‌ മലയാളവും അറിയാത്തത്‌ വീട്ടിലുണ്ടാക്കിയ പൊല്ലാപ്പ്‌ ചെറുതായിരുന്നില്ല.  
 കായക്കൊടിയിലും പരിസരങ്ങളിലും നടത്തിയ സർവേയിൽ ഒന്ന്, രണ്ട് വാർഡുകളിൽ മാത്രം 10 പേരെ കണ്ടെത്തി. എട്ടുമാസം മുതൽ നാലുവർഷംമുമ്പുവരെ വിവാഹിതരായി എത്തിയവർ ഇക്കൂട്ടത്തിലുണ്ട്‌. കുന്നുമ്മൽ, നരിപ്പാറ, കായക്കൊടി, കാവിലുംപാറ, വേളം പഞ്ചായത്തുകളിലെ 20 പഠിതാക്കളാണ് ജനുവരിയിൽ ആരംഭിച്ച ക്ലാസിൽ എത്തുന്നത്‌. ഞായറാഴ്‌ചകൾതോറുമാണ്‌ പഠനം. ഭർതൃവീട്ടിലെ ആശയവിനിമയത്തിനൊപ്പം മക്കളുടെ പഠനത്തിൽ സഹായിക്കാൻകൂടി പ്രാപ്‌തമാക്കുന്നതാണ്‌ പരിശീലനം.
 കർണാടകയിലെ കുടക്, ഹുസൂർ, തമിഴ്‌നാട്ടിലെ പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്ന്‌ വിവാഹം കഴിച്ചെത്തിയവരാണ് പഠിതാക്കളിലെ അധികം പേരും. മലയാള അക്ഷരമാലയിൽ തുടങ്ങിയ പഠനം  മലയാളം കൂട്ടി വായിക്കുന്നതിലേക്ക്‌ എത്തിയതായി സംവേദ്യ കലാസാംസ്‌കാരിക വേദി സെക്രട്ടറി ചന്ദ്രൻ പാലയാട് പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top