28 March Thursday
മത്സ്യകൃഷി പ്രതിസന്ധിയിൽ

മീൻ തിന്ന്‌ 
നീർനായകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022
സ്വന്തം ലേഖകൻ
ബാലുശേരി
രാമൻപുഴയിലും കണയങ്കോട് പുഴയിലും നീർനായശല്യം രൂക്ഷം. ആയിരക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച മത്സ്യകർഷകർ വിളവെടുക്കാനാവാതെ ദുരിതത്തിൽ. ലക്ഷക്കണക്കിന് രൂപ മുതൽമുടക്കിയാണ് പുഴയിൽ വലകെട്ടി അതിരിട്ട് മത്സ്യകൃഷി തുടങ്ങിയത്. നീർനായകൾ കൂട്ടത്തോടെ വന്ന് വല കടിച്ചുമുറിച്ച് മത്സ്യങ്ങളെ തിന്നുന്നത് പതിവായി. ആർച്ചറിയിൽ അവശേഷിക്കുന്ന മീനുകൾ നീർനായ കടിച്ചുമുറിച്ച പഴുതുകളിലൂടെ പുഴയിലേക്ക് ഇറങ്ങിപ്പോവുകയും ചെയ്യുന്നു. നിരവധി മത്സ്യകർഷകരാണ് ഇതുമൂലം നഷ്ടം നേരിടുന്നത്. 
75 ലക്ഷം രൂപ മുതൽമുടക്കി നൂറ് പ്രവാസികളുടെ നേതൃത്വത്തിൽ കന്നൂരിൽ ആരംഭിച്ച മത്സ്യകൃഷി നീർനായശല്യത്താൽ പ്രതിസന്ധിയിലായി. ഇവിടെ രണ്ട് പ്രാവശ്യം നിക്ഷേപിച്ച അയ്യായിരത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെയാണ് നീർനായ തിന്നത്. 
നാലരലക്ഷം രൂപയോളം പ്രവാസി സംരംഭകർക്ക് നഷ്ടമായി. പുഴയോരത്തോട് ചേർന്ന് മത്സ്യകൃഷി നടത്തുന്ന കർഷകരും വലിയ ബുദ്ധിമുട്ടിലാണ്. ചെറു ഗ്രൂപ്പുകളായി കൃഷിചെയ്യുന്നവരാണ് വലിയ പ്രതിസന്ധിയിലായത്. 
പലരും ലോണെടുത്തുവരെ കൃഷി നടത്തുന്നുണ്ട്. കണയങ്കോട് പാലത്തിനുസമീപം, മുട്ടുവയൽ, നോർത്ത് കന്നൂര് തുടങ്ങി നിരവധി സ്ഥലങ്ങളിൽ കർഷകർ മത്സ്യകൃഷി നടത്തുന്നുണ്ട്. 
നോർത്ത് കന്നൂരിൽ 19 പേരടങ്ങുന്ന ഹരിതം കർഷക ഗ്രൂപ്പ് 2000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇതിൽ പകുതിയോളവും നീർനായ തിന്നു. രണ്ട് ലക്ഷത്തോളം രൂപ കർഷകർക്ക് നഷ്ടം വന്നു. 
സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും അടിയന്തരമായ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന്‌ കർഷകസംഘം കന്നൂര് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
യോഗത്തിൽ മേഖലാ പ്രസിഡന്റ് ഡോ. കെ രാമകൃഷ്ണൻ അധ്യക്ഷനായി. എ പി പ്രസന്ന സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top