20 April Saturday
15ന്‌ ആരംഭിക്കും

സന്തോഷയാത്രക്ക്‌ ഗ്രാമവണ്ടി വരും

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
കോഴിക്കോട്‌
ഗ്രാമങ്ങളിലെ യാത്രാദുരിതത്തിന്‌ പരിഹാരവുമായി കെഎസ്‌ആർടിസി ഗ്രാമവണ്ടി ജില്ലയിലേക്കും. ബസ്‌ സർവീസില്ലാത്തതിനാൽ യാത്രാപ്രയാസം നേരിടുന്ന ഗ്രാമങ്ങളിലേക്കാണ്‌ ഈ സൗകര്യം. ബസിന്‌ ഇന്ധനം നിറച്ച്‌ നൽകേണ്ടത്‌ തദ്ദേശസ്ഥാപനമാണ്‌. ഇതിനുള്ള തുക വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ സംഭാവനയായും സ്വീകരിക്കാം. മാസം ഒരു ലക്ഷംരൂപയുടെ ഡീസലാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകേണ്ടത്‌. രാത്രിയിലും സർവീസ്‌ നടത്തും.  ആശുപത്രി, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ചാവും സ്ഥിരം റൂട്ട്‌.  
ഡീസൽ ഒഴികെ മുഴുവൻ ചെലവും കെഎസ്ആർടിസി വഹിക്കും. തിരുവനന്തപുരം പാറശാല കൊല്ലയിൽ പദ്ധതി ആരംഭിച്ചിരുന്നു. ഇത്‌ വിജയിച്ചതോടെയാണ്‌ കോഴിക്കോട്ടേക്കും  വ്യാപിപ്പിച്ചത്‌. ധാരാളം യാത്രക്കാരുള്ള റൂട്ടുകളിൽ കൂടുതൽസീറ്റുള്ള  ബസ്സും അല്ലാത്തിടത്ത്‌ സീറ്റുകൾ കുറഞ്ഞ ബസ്സും ഉപയോഗിക്കും.  
ജന്മദിനം, ചരമവാർഷികം പോലുള്ള പ്രത്യേകദിനങ്ങളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടിയിലേക്ക്‌ ഇന്ധനം സംഭാവനചെയ്യാം. വിവിധ പഞ്ചായത്തുകളിലൂടെ സർവീസ്‌ നടത്തുന്നതിന്റെ ഇന്ധനച്ചെലവ്‌ പങ്കിട്ട്‌ നൽകാം. സാധാരണ  യാത്രാനിരക്കാണ്‌ യാത്രക്കാർ നൽകേണ്ടത്‌.   
ചാത്തമംഗലം പഞ്ചായത്തിന്റെ സഹകരണത്തോടെ 15ന്‌ ജില്ലയിൽ പദ്ധതി ആരംഭിക്കും.  ചാത്തമംഗലം സഹകരണ ബാങ്കാണ് ഒരുമാസത്തേക്കുള്ള ഇന്ധനത്തിന്‌ പണം നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top