29 March Friday

ഇങ്ങനെ ചുറ്റിക്കല്ലേ, ഇലക്ട്രിക്‌ ഓട്ടോകളെ

സ്വന്തം ലേഖകൻUpdated: Wednesday Jul 6, 2022

കോഴിക്കോട്‌ നഗരത്തിൽ സർവീസ്‌ നടത്തുന്ന ഇലക്‌ട്രിക്‌ ഓട്ടോകൾ

കോഴിക്കോട്‌ 
പരിസ്ഥിതിയോടും യാത്രക്കാരോടും ഒരുപോലെ  സൗഹൃദത്തിലാണ്‌ ഇലക്ട്രിക്‌ ഓട്ടോകൾ. എന്നാൽ ഒട്ടും സൗഹൃദത്തോടെയല്ല സർവീസ്‌ സെന്ററുകളുടെയും  കമ്പനികളുടെയും ഇടപെടൽ എന്നാണ്‌ ഓടിക്കുന്നവരുടെ പരാതി.  സർക്കാർ ഇ വാഹനനയം പ്രഖ്യാപിച്ചതിനുപിന്നാലെ 1100 ഇ ഓട്ടോകളാണ്‌ ജില്ലയിൽ ഓടിത്തുടങ്ങിയത്‌. നഗരത്തിൽ മാത്രം രണ്ടായിരം പെർമിറ്റ്‌ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമുണ്ടെങ്കിലും ചാർജർ യൂണിറ്റ്‌ ഇടക്കിടെ കേടാവുക, സെൽ ബാലൻസിങ് കുറയുക, സ്‌പെയർ പാർട്‌സുകൾ കിട്ടാതിരിക്കുക തുടങ്ങിയ പ്രയാസങ്ങളാൽ വലയുകയാണ്‌ തൊഴിലാളികൾ. മഹീന്ദ്ര, പിയാജിയോ ആപേ, ഹൈകോൺ, സർക്കാർ ഉടമസ്ഥതയിലുള്ള കെഎഎൽ എന്നീ കമ്പനികളാണ്‌ ഇ ഓട്ടോകൾ പുറത്തിറക്കുന്നത്‌. ഇവയുടെ ചാർജർ യൂണിറ്റിന്‌ ഒരു വർഷവും  ബിഎംഎസ്‌ യൂണിറ്റിന്‌ മൂന്നുവർഷവും വാറന്റിയുണ്ടെങ്കിലും സൗജന്യ സർവീസ്‌ പലപ്പോഴും ലഭിക്കുന്നില്ല. സർവീസ്‌ ചെയ്യുമ്പോൾ നിലവാരമില്ലാത്ത പാർട്‌സുകൾ ഉപയോഗിക്കുന്നതായും പരാതി ഉയരുന്നു. സ്‌പെയർ പാർട്‌സുകൾ ലഭിക്കാൻ കാലതാമസമുണ്ടാകുന്നതിനാൽ രണ്ടും മൂന്നും മാസം ഓട്ടോ വർക്ക്‌ ഷോപ്പിൽ കയറ്റിയിടേണ്ടിവരുന്നു. 
നാഷണൽ മൊബിലിറ്റി മിഷന്റെ സബ്‌സിഡി കൈപ്പറ്റുന്ന കമ്പനികൾ സർവീസ്‌ കരാർ ലംഘിക്കുകയാണെന്നാണ്‌ തൊഴിലാളികളുടെ പരാതി. 3.20 ലക്ഷം മുതൽ 3.35 ലക്ഷം വരെ മുടക്കിയാണ്‌ പലരും ഇ ഓട്ടോ റോഡിലിറക്കുന്നത്‌. നാനൂറും അഞ്ഞുറും രൂപയുടെ ഇന്ധനത്തിന്‌ പകരം നൂറുരൂപയിൽ കുറഞ്ഞ ചെലവിൽ ചാർജ്‌ ചെയ്യാം. എൽടി–- 10 താരിഫ്‌ നിരക്കിലാണ്‌  ഇലക്‌ട്രിക്‌ ഓട്ടോ ഉടമകളുടെ വീടുകൾക്കുള്ള വൈദ്യുതി താരിഫ്‌. ഉപയോഗിച്ച മുഴുവൻ യൂണിറ്റിനും ഒരേ നിരക്ക്‌ നൽകിയാൽ മതി. എന്നാൽ ചിലയിടങ്ങളിൽ ഈ താരിഫിൽ  കണക്‌ഷൻ നൽകുന്നില്ലെന്നാണ്‌ പരാതി. അതേസമയം,  ജില്ലയിൽ 180 പുതിയ ചാർജിങ് കേന്ദ്രങ്ങൾ ജൂലൈയിൽ പ്രവർത്തനക്ഷമമാകുമെന്ന്‌ ഇലക്ട്രിക്‌ ഓട്ടോ ഉടമകളുടെ കൂട്ടായ്‌മ സെക്രട്ടറി കുറ്റിക്കാട്ടൂരിലെ ഇ എ സലാം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top