25 April Thursday

ചെല്ലപ്പനും 
കുടുംബത്തിനും 
മലയിറങ്ങാം

കെ മുകുന്ദൻUpdated: Monday Feb 6, 2023

ചെല്ലപ്പനും കുടുംബത്തിനുമായി പണിയുന്ന വീടിന്റെ നിർമാണപ്രവൃത്തി കെ കെ ലതിക ഉദ്‌ഘാടനം ചെയ്‌തപ്പോൾ

കുറ്റ്യാടി 
മനുഷ്യവാസമില്ലാത്ത മലമുകളിൽ കഴിയുന്ന ചെല്ലപ്പനും കുടുംബത്തിനും ആനപ്പേടിയില്ലാതെ അന്തിയുറങ്ങാൻ  വീടൊരുങ്ങുന്നു.  കുടുക്കക്കുന്നിൽ കഴിയുന്ന കുടുംബത്തിന്‌ സുരക്ഷയാണ്‌ നാട്ടുകാരുടെ സഹായത്തോടെ വീട്‌ പണിയുന്നത്‌. നട്ടുനനച്ചുണ്ടാക്കിയതെല്ലാം കാട്ടാനയും പന്നിയും മുള്ളൻപന്നിയും തരിപ്പണമാക്കുന്നതിനാൽ കണ്ണീരിലും പട്ടിണിയിലുമാണ്‌ ഈ കുടുംബം.  വർഷങ്ങളായി  മനഃസമാധാനത്തോടെ ഇവർ അന്തിയുറങ്ങാറില്ല. കൂടെയുണ്ടായിരുന്ന ആറ്‌ കുടുംബങ്ങൾ പലായനം ചെയ്‌തതോടെ രോഗിയായ ചെല്ലപ്പനും കുടുംബവും മാത്രമാണ്‌ ഇവിടെ അവശേഷിച്ചത്‌. 
ആറ്‌ പതിറ്റാണ്ടുമുമ്പാണ്‌  കാവിലുംപാറയിലെ മലയോരത്ത് തൊഴിൽ തേടി  കർഷകനായ ചെല്ലപ്പൻ എത്തുന്നത്‌. വളയങ്കോട് കുടുക്കക്കുന്നിൽ ഇഎംഎസ്‌ ഭവന പദ്ധതിയിൽ പഞ്ചായത്ത് വീട് നിർമിച്ചു നല്കി. 
 സമീപകാലത്താണ്‌  കാട്ടുമൃഗങ്ങളുടെ ശല്യത്താൽ പൊറുതിമുട്ടിയത്‌.  അയൽവാസികളെല്ലാം താമസിയാതെ മലയിറങ്ങി. ചെല്ലപ്പനും നിത്യരോഗിയായ ഭാര്യ ചന്ദ്രിയും ഭിന്നശേഷിക്കാരിയായ മകളും  ഒറ്റപ്പെട്ടു. ഇഎംഎസ്‌ പദ്ധതിയിൽ വീട്‌ അനുവദിച്ചതിനാൽ പകരം വീട്‌ ലഭിക്കാനുള്ള സാഹചര്യവുമില്ലാതായി. സുരക്ഷ സാന്ത്വന പരിചരണ വിഭാഗത്തിന്റേയും നാട്ടുകാരുടെയും സഹായത്താലാണ്‌ കുടുംബം പുലരുന്നത്‌.  ജനവാസ മേഖലയിലാണ്‌ പുതിയ വീട്‌ പണിയുന്നത്‌. ശശി വട്ടപ്പൊയിൽ മൂന്നര സെന്റ്‌ സൗജന്യമായി നല്കി. മുൻ എംഎൽഎ  കെ കെ ലതിക  പ്രവൃത്തി  ഉദ്ഘാടനം ചെയ്തു. വീട്‌ നിർമാണത്തിന്‌ സഹായം ലഭ്യമാക്കുന്നതിനായി തൊട്ടിൽപ്പാലം ഫെഡറൽ ബാങ്ക് ശാഖയിൽ 1172010 0255082 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്‌. IFSC - FDROO1172.
ഗൂഗിൾപേ: 9947 236448.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top