29 March Friday

ഉന്മാദത്തിന്റെ ആ ലോകത്ത്‌ 
‘അമേരിക്കൻ ചാരൻ’ വരെ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

 

മയക്കുമരുന്നിന്‌ അടിപ്പെട്ട യുവാവ്‌ ദിവസങ്ങളായി കിടക്കപ്പായിൽനിന്ന്‌ എഴുന്നേൽക്കുന്നില്ലെന്ന വിവരം ലഭിച്ചാണ്‌ എക്‌സൈസ്‌ സംഘമെത്തിയത്‌. യൂണിഫോമിട്ട ഉദ്യോഗസ്ഥരെ കണ്ട ഭാവമില്ല ചെറുപ്പക്കാരന്‌. എഴുന്നേൽക്കാൻ ആവശ്യപ്പെട്ടപ്പോഴുള്ള മറുപടി അതിവിചിത്രം –- ‘‘ചുമരിൽ തൂങ്ങിക്കിടക്കുന്ന വയറിലൂടെ അമേരിക്കയ്‌ക്ക്‌ വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്‌. എഴുന്നേറ്റാൽ അത്‌ തടസ്സപ്പെടും’’.  ‘അമേരിക്കൻ ചാരനെ’ പിടിച്ചെഴുന്നേൽപ്പിച്ച ഉദ്യോഗസ്ഥൻ കണ്ടത്‌ ദാരുണമായ ദൃശ്യം. ചത്ത്‌ പുഴുവരിച്ച പൂച്ചയുടെ മുകളിലായിരുന്നു കിടപ്പ്‌. കൈവിരലോളമുള്ള പുഴുക്കൾ പുറത്തിഴയുന്നു. സർവീസിനിടയിൽ ഇത്ര മോശം കാഴ്‌ച മറ്റൊന്നുണ്ടായിട്ടില്ലെന്നാണ്‌ ഉദ്യോഗസ്ഥൻ പറഞ്ഞത്‌.  മെത്തലിൻ ഡയോക്‌സി മെത്താംഫറ്റൈമൻ (എംഡിഎംഎ) എന്ന സിന്തറ്റിക്‌ ഡ്രഗ്‌ തീർത്ത മായാലോകത്തായിരുന്നു ആ ചെറുപ്പക്കാരൻ.

നഗരത്തിൽ യുവതിയടക്കമുള്ളവർ മയക്കുമരുന്ന്‌  വിൽക്കുന്നുവെന്ന  വിവരമറിഞ്ഞ്‌ എത്തിയ ഉദ്യോഗസ്ഥർക്ക്‌ സംശയമൊന്നും തോന്നിയില്ല. പേഴ്‌സിൽ ആകെയുണ്ടായിരുന്നത്‌ ചെറിയ കുറച്ച്‌ പേപ്പറുകൾ മാത്രം. സംശയം തോന്നി പരിശോധിച്ചപ്പോൾ മാരക മയക്കുമരുന്നായ ലൈസർജിക്‌ ആസിഡ്‌ ഡൈ ഈഥൈൽ അമൈഡ്‌(എൽഎസ്‌ഡി) സ്‌പ്രേ ചെയ്‌ത പേപ്പറുകളായിരുന്നു അത്‌. കോഴിക്കോട്‌ നഗരമധ്യത്തിലെ ഹോട്ടലിൽ പാർട്ടിക്കിടെ പിടികൂടിയ യുവതിയടക്കമുള്ള സംഘത്തിൽനിന്ന്‌ പൊലീസ്‌ കണ്ടെടുത്തതും ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎയും കഞ്ചാവും.

 മൂന്നുവർഷത്തിൽ കോഴിക്കോട്ട്‌  മാത്രം രജിസ്റ്റർ ചെയ്‌തത്‌ 481 എൻഡിപിഎസ്‌ കേസുകളാണ്‌. 2019ൽ 267, 2020ൽ 103, 2021ൽ 112 കേസുകളാണെടുത്തത്‌. കോവിഡ്‌ അടച്ചുപൂട്ടൽ സമയത്ത്‌ കൈമാറ്റ സാധ്യതയടഞ്ഞതാണ്‌ കണക്കിൽ കുറവുണ്ടാക്കിയത്‌. നിയന്ത്രണങ്ങൾ മാറിയതോടെ എണ്ണവും കൂടുന്നു. ലഹരിത്തേടിപ്പോകുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടുന്നുവെന്നാണ്‌ കണക്കുകൾ പറയുന്നത്‌. സിഗരറ്റും കഞ്ചാവും വേണ്ടത്ര ലഹരി പകരുന്നില്ലെന്ന്‌ കണ്ടാണ്‌ സിന്തറ്റിക്‌ മയക്കുമരുന്നുകൾക്ക്‌ പിന്നാലെയുള്ള പോക്ക്‌. കൗതുകത്തിൽ തുടങ്ങി ലഹരിക്ക്‌ അടിപ്പെട്ടും കടത്തുകാരും വിൽപ്പനക്കാരുമായി ജീവിതത്തെ ഉന്മാദാവസ്ഥയിലെത്തിക്കുകയാണ്‌. ചെറുബാല്യത്തെ ഞെക്കിപ്പിഴിഞ്ഞ്‌ തടിച്ചുവീർക്കുന്നുണ്ട്‌ ലഹരിമാഫിയയും.

ഇത്തിരിയിലൊത്തിരി 
ലഹരി

ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയും പേപ്പറിൽ സ്‌പ്രേ ചെയ്‌തുപയോഗിക്കുന്ന എൽഎസ്‌ഡിയെന്ന സ്റ്റാമ്പുമെല്ലാം  ചെറിയ അളവിൽ ഉപയോഗിച്ചാൽ കൂടുതൽ നേരം ലഹരി കിട്ടും. കഞ്ചാവിനും മദ്യത്തിനുമുള്ള മണമില്ലെന്നത്‌ കണ്ടുപിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസവുമുണ്ടാക്കുന്നു. ചെറിയ അളവ്‌ എംഡിഎംഎ മണിക്കൂറുകളോളം ഉന്മാദാവസ്ഥയിലെത്തിക്കും. ക്ഷീണമറിയാതെ ആടാനും പാടാനും സാധിക്കും. ഒന്നോ രണ്ടോ തവണത്തെ ഉപയോഗം ഒരാളെ ഈ ലഹരിക്ക്‌ അടിപ്പെടുത്തും.  0.5 ഗ്രാം എംഡിഎംഎ കൈവശം വയ്‌ക്കുന്നത്‌  ഒരു വർഷംവരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്‌. പത്ത്‌ ഗ്രാമായാൽ പത്തുവർഷംവരെ തടവും ഒരു ലക്ഷം രൂപ പിഴയുമുണ്ടാകും. പത്ത്‌ ഗ്രാമിന്‌ മുകളിലുണ്ടെങ്കിൽ കുറഞ്ഞത്‌ പത്തുവർഷമാണ്‌ തടവ്‌. 

ലഹരി വരുന്ന വഴി

ചില ആഡംബര ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ചുള്ള ഡിജെ പാർട്ടികളിലേക്കാണ്‌ ലഹരിയുടെ ഒഴുക്ക്‌. കഞ്ചാവും ഹാഷിഷും ഒപ്പിയവും എംഡിഎംഎയും എൽഎസ്‌ഡിയും എസ്‌റ്റസി ഗുളികയും തുടങ്ങി ഏത്‌ ലഹരിയും ഇവിടെ ഉന്മാദനൃത്തം ചവിട്ടും. ഹാഷിഷ്‌, ചരസ്‌, ഒപ്പിയം, ഹെറോയിൻ, കൊക്കൈൻ, മോർഫിൻ, പെത്തഡിൻ, ആംഫിറ്റാമിൻ, ബുപ്രിനോർഫിൻ ആംപ്യൂൾ, കെറ്റമിൻ, നൈട്രോ സെഫാം, ഡയസപാം, ഫെൻന്റൊനൽ, കൊടീൻ എന്നിവയെല്ലാം നഗര ഗ്രാമവ്യത്യാസമില്ലാതെ സുലഭമാണ്‌.

വിദേശത്ത്‌ നിന്നെത്തിക്കുന്ന സിന്തറ്റിക്‌ മയക്കുമരുന്നുകൾ ഗോവ, ബംഗളൂരു, മംഗളൂരു, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്‌ കേരളത്തിലേക്ക്‌ വരുന്നത്‌. കോളേജ്‌ വിദ്യാർഥികളും യുവതീയുവാക്കളുമാണ്‌ ഇവരെ കണ്ണിചേർക്കുന്നത്‌. ചെറിയ അളവിൽ ഉപയോഗിച്ചാൽ ദൂഷ്യഫലമില്ലെന്ന തെറ്റിദ്ധാരണയാണ്‌ പലരെയും ഈ വഴിയിലേക്ക്‌ നയിക്കുന്നത്‌. എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന ആശകൂടി കുത്തിവയ്‌ക്കുന്നതോടെ ഇവർ പൂർണമായി ലഹരിമാഫിയക്ക്‌ വിധേയപ്പെടുകയായി.

                                    (തുടരും...)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top