18 December Thursday
വാർത്ത അടിസ്ഥാനരഹിതം

പെരുവണ്ണാമൂഴിയിൽ വൈദ്യുതി ഉൽപ്പാദനം നിലച്ചിട്ടില്ല

ഇ ബാലകൃഷ്ണൻUpdated: Thursday Oct 5, 2023

പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതി നിലയം

പേരാമ്പ്ര
പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഉൽപ്പാദനം നിലച്ചെന്നും പദ്ധതിക്ക് ജലം ശേഖരിക്കാനുള്ള  -കരാറിന്റെ കാലാവധി അവസാനിച്ചെന്നുമുള്ള  വാർത്ത അടിസ്ഥാനരഹിതമാണെന്ന്‌  കെഎസ്ഇബി ജനറേഷൻ വിഭാഗം വ്യക്തമാക്കി. നിർമാണം പൂർത്തിയായ പദ്ധതി നാടിന് സമർപ്പിക്കാനിരിക്കയാണ്. 
കഴിഞ്ഞ ജൂലൈ മുതൽ വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു. പെരുവണ്ണാമൂഴി ഡാം റിസർവോയറിൽനിന്ന് ജലസേചനത്തിനും കുടിവെള്ള പദ്ധതികൾക്കും ശേഷമുള്ള അധികജലം ഉപയോഗിച്ച് ആറ് മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതാണ് പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി. 
ജലസേചന വകുപ്പും കെഎസ്ഇബിയും തമ്മിലുള്ള കരാർ പ്രകാരം ജൂൺ മുതൽ സെപ്തംബർവരെ വൈദ്യുതി ഉൽപ്പാദിക്കാനും തുടർന്ന് ഡിസംബർ വരെ 42.7 മീറ്റർ എഫ്ആർ ലെവലിന് മുകളിൽ വരുന്ന അധികജലം വൈദ്യുതിക്ക്‌ ഉപയോഗിക്കാനുമാണ്  വ്യവസ്ഥ. 
ഡാം ശക്തിപ്പെടുത്തുന്നതിനായുള്ള സപ്പോർട്ട്‌ ഡാമിന്റെ പ്രവൃത്തി നടക്കുന്നതിനാൽ  നാല് ഷട്ടറും തുറന്നിരിക്കയാണ്. അതിനാൽ സംഭരണ ശേഷി 38.44 മീറ്ററായി കുറച്ചിട്ടുണ്ട്‌. നിശ്‌ചിത പരിധിക്ക്‌ മുകളിൽവരുന്ന ജലം തുറന്നുവിടുന്ന സ്ഥിതിയുമുണ്ട്‌. വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിൽനിന്നുള്ള വെള്ളം കക്കയം പവർ ഹൗസിലെത്തിച്ച് വൈദ്യുതി ഉൽപ്പാദനത്തിന്‌ ശേഷം പെരുവണ്ണാമൂഴി റിസർവോയറിലേക്ക്‌ തുറന്നുവിടുന്നതിനാലും വൃഷ്ടിപ്രദേശത്ത്  കനത്ത മഴ ലഭിക്കുന്നതിനാലും ആവശ്യത്തിന്‌ വെള്ളമുണ്ട്‌. അതിനാൽ വൈദ്യുതി ഉൽപ്പാദനം ഇതുവരെ മുടങ്ങിയിട്ടില്ല.  
സെപ്തംബർ 30ന് കരാർ അവസാനിച്ച വിവരം ജലസേചന വകുപ്പ്‌ എക്സിക്യുട്ടീവ് എൻജിനിയർ ഫോൺ മുഖേന അറിയിച്ചതല്ലാതെ മറ്റു നടപടികളിലേക്ക്‌ കടന്നിട്ടില്ല.  വൈദ്യുതി പ്രതിസന്ധി  നിലനിൽക്കുന്നതിനാൽ സ്പിൽവേ ലൈൻ 38.44 മീറ്ററിൽനിന്ന് അൽപ്പം താഴ്ത്തി  ക്രമീകരിക്കണമെന്ന്‌ കെഎസ്ഇബി ജലസേചന വകുപ്പിനോട്‌  ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യം ടി പി രാമകൃഷ്ണൻ എംഎൽഎ മന്ത്രിമാരെയും ധരിപ്പിച്ചിട്ടുണ്ട്. മന്ത്രിതല തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. ഉദ്‌ഘാടനവും താമസിയാതെയുണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top