29 March Friday

തട്ടിക്കൊണ്ടുപോകൽ ഇർഷാദ്‌ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

കൊല്ലപ്പെട്ട ഇർഷാദ്

 

പേരാമ്പ്ര
സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ കോഴിക്കുന്നുമ്മൽ ഇർഷാദ് (26) കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈ 17ന് കടലൂർ നന്തിയിലെ കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണെന്ന്  രക്ഷിതാക്കളിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു.   ഇതോടെ കൊലപാതകത്തിനും കേസെടുത്തു.   മേപ്പയ്യൂർ കൂനം വെള്ളിക്കാവിലെ വടക്കേടത്ത് കണ്ടി ദീപകിന്റേതാണെന്ന് കരുതി മൃതദേഹം ചിതയൊരുക്കി സംസ്കരിച്ചിരുന്നു. 
   തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വയനാട് ജില്ലയിൽ നിന്ന് മൂന്നു പ്രതികളെ കൂടി പേരാമ്പ്ര എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷക സംഘം അറസ്റ്റു ചെയ്തു. കല്പറ്റ കടുമിടുക്കിൽ ജിനാഫ് (31), വൈത്തിരി  ചെറുമ്പാല ഷഹീൽ (26), പൊഴുതന ചിറക്കൽ സജീർ (27) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മുമ്പാകെ ഹാജരാക്കിയ മൂന്നുപേരെയും റിമാൻഡ് ചെയ്തു. കേസിൽ ഇതുവരെ നാലുപേർ അറസ്റ്റിലായി.  കണ്ണൂർ പിണറായിയിലെ മർഹബ ഹൗസിൽ മർസീദി (32)നെ   തിങ്കളാഴ്ച   അറസ്റ്റുചെയ്തിരുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.  
ജൂലൈ 16ന് രാത്രി  കോഴിക്കോട് -അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തിൽ നിന്ന് ചുവന്ന കാറിൽ നിന്ന് ഇറങ്ങിയ യുവാവ് പുഴയിലേക്ക് ചാടിയെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലാണ് കേസിൽ നിർണായക വഴിത്തിരിവായത്. 
യുവാവ് പുഴയിൽ ചാടിയതോടെ തട്ടിക്കൊണ്ടുപോയവർ കാറുമായി രക്ഷപ്പെട്ടതും സംശയങ്ങൾക്കിടയാക്കി. പിറ്റേ ദിവസമാണ്‌ നന്തി കോടിക്കൽ  കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്‌.  ജൂലൈ 28നാണ് മകൻ ഇർഷാദിനെ കാണാനില്ലെന്ന് ഉമ്മ നബീസ പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top