29 March Friday

കണ്ണീർ തോരാതെ അമ്മ; മകനെങ്ങ്‌ പോയ്‌ മറഞ്ഞു?

സ്വന്തം ലേഖകൻUpdated: Friday Aug 5, 2022

കാണാതായ ദീപക്

പേരാമ്പ്ര   
അന്ത്യകർമങ്ങൾ ചെയ്‌ത്‌ സംസ്‌കരിച്ചത്‌ മകനെയായിരുന്നില്ലെങ്കിൽ അവനെങ്ങോട്ടാണ്‌ പോയി മറഞ്ഞത്‌? കാണുന്നവരോടൊക്കെ കണ്ണുനീരിൽ നനഞ്ഞ്‌ ശ്രീലത ചോദിക്കുകയാണ്‌.  മകന്റേതെന്ന് കരുതി  വീട്ടുവളപ്പിൽ സംസ്‌കരിച്ച മൃതദേഹം ദീപകിന്റേതല്ലെന്ന വാർത്തയും അവർക്ക്‌ മനഃശാന്തി നൽകുന്നേയില്ല. എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ എത്രകാലം വഴിക്കണ്ണുമായി കാത്തിരിക്കണമെന്ന്‌ സഹോദരിയും ചോദിക്കുന്നു.  ജൂൺ ഏഴിനാണ് കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപകി(36)നെ കാണാതായത്. രാവിലെ ഒമ്പതിന് എറണാകുളത്തേക്ക്  പോകുകയാണെന്ന്  അറിയിച്ച്‌ വീട്ടിൽ നിന്നിറങ്ങിയ യുവാവ്‌ ഇതുവരേയും തിരിച്ചെത്തിയിട്ടില്ല. 
അവിവാഹിതനായ ഇയാൾ എട്ടുമാസം മുമ്പാണ് ഗൾഫിൽ നിന്ന്‌ മടങ്ങിയെത്തിയത്. മകനെ കാണാനില്ലെന്ന്‌ ജൂൺ 19ന് ശ്രീലത മേപ്പയ്യൂർ പൊലീസിൽ പരാതി നൽകി.  നേരത്തേയും പലതവണ വീടുവിട്ടുപോയിരുന്നതിനാൽ പരാതി നൽകാൻ വൈകി. 
  ജൂലൈ 17ന് കടലൂർ നന്തിയിലെ കോടിക്കൽ കടപ്പുറത്ത്‌  യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞതായി വിവരം ലഭിച്ചു. സ്ഥലത്തെത്തിയ ബന്ധുക്കളാണ് മൃതദേഹം ദീപകിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. തലയിൽ നിന്നും ചോരയൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊയിലാണ്ടി പൊലീസ്‌ ഇൻക്വസ്റ്റ് നടത്തി.  പോസ്‌റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ചിതയൊരുക്കിയായിരുന്നു സംസ്‌കാരം. 
      അമ്മ ശ്രീലത, സഹോദരി ദിവ്യ എന്നിവരിൽനിന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിൾ  പരിശോധനയിലാണ്‌ മരിച്ചത് ദീപക്കല്ലെന്ന്  ബുധനാഴ്‌ച സ്ഥിരീകരണമുണ്ടായത്. മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദി (26) ന്റേതാണെന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്‌. വീട്ടുകാർ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹം ദീപക്കിന്റേതല്ലെന്ന ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്ന സാഹചര്യത്തിൽ യുവാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കണമെന്ന് സിപിഐ എം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top