24 April Wednesday

ഇതാ, കെ ഫോൺ പവറുള്ള വീട്‌

സ്വന്തം ലേഖകൻUpdated: Monday Jun 5, 2023
കോഴിക്കോട്‌
കള്ളം പ്രചരിപ്പിച്ചും പൊങ്ങച്ചമെന്ന്‌ പഴിചാരിയും മുടക്കാൻ പലവഴി നോക്കിയിട്ടും തളരാതെ സർക്കാർ വാക്കുപാലിച്ചു. അതിവേഗ ഇന്റർനെറ്റ്‌ സേവനം വീടുകളിൽ എത്തിയപ്പോൾ സകല കുപ്രചാരകരേയും തള്ളി നാട്‌ അനുഭവസാക്ഷ്യമേകി. ജനത നേരിട്ടറിഞ്ഞ യാഥാർഥ്യമായി ‘കെ ഫോൺ’. ജില്ലയിൽ 36 വീടുകൾ ഇതിനകം ഡിജിറ്റൽ ലോകത്തിലേക്ക്‌ വാതിൽ തുറന്നു. ആദ്യഘട്ടത്തിൽ ഓരോ മണ്ഡലത്തിലും 100 പേർക്ക്‌ വീതം 1300 കണക്‌ഷനാണ്‌ ജില്ല‌ക്ക്‌ അനുവദിച്ചത്‌. തദ്ദേശ സ്ഥാപനങ്ങളുടെ റിപ്പോർട്ടും രണ്ട്‌ സർവേകളുടെയും അടിസ്ഥാനത്തിൽ 1195 ബിപിഎൽ കുടുംബങ്ങളെയാണ്‌ അർഹരായി കണ്ടെത്തിയത്‌. എലത്തൂർ മണ്ഡലത്തിൽ  കേബിളിടൽ പൂർത്തിയാവാത്തതിനാൽ സർവേ നടത്തിയിട്ടില്ല. മാവൂർ, കിനാലൂർ, പനങ്ങാട്‌, ബാലുശേരി, കൊയിലാണ്ടി, അഗസ്‌ത്യൻമുഴി, കോട്ടൂർ എന്നിവിടങ്ങളിലെ വീടുകളിലാണ്‌ ഇന്റർനെറ്റ്‌ എത്തിയത്‌. അവശേഷിക്കുന്ന വീടുകളിൽ ഉടൻ കെ ഫോൺ എത്തുമെന്ന്‌ അധികൃതർ അറിയിച്ചു. 
മൊത്തം 2595.482 കിലോമീറ്ററാണ്‌ കേബിൾ വലിക്കുന്നത്‌. ദേശീയപാത,- റെയിൽവേ പ്രവൃത്തികളുള്ള 210 കിലോമീറ്റർ ഒഴികെ എല്ലായിടത്തും കേബിളിടൽ പൂർത്തിയായി. കുന്നമംഗലം–- 63, നാദാപുരം–- 141, കുറ്റ്യാടി–- 124, ബാലുശേരി–- 100, തിരുവമ്പാടി–- 103, പേരാമ്പ്ര–- 121, കൊയിലാണ്ടി–- 84, വടകര–- 66, കോഴിക്കോട്‌ നോർത്ത്‌–- 93, സൗത്ത്‌–- 71, ബേപ്പൂർ–- 44, കൊടുവള്ളി–- 131 എന്നിങ്ങനെയാണ്‌ അർഹരുടെ എണ്ണം. കേരള വിഷനാണ്‌ കണക്‌ഷൻ എത്തിക്കുന്ന കരാർ.
1479 സർക്കാർ സ്ഥാപനങ്ങളിലും കെ ഫോണായി. സർക്കാർ ഓഫീസ്‌, സ്‌കൂളുകൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവ‌ക്കാണ്‌ കണക്‌ഷൻ നൽകിയത്‌. ഇന്റർനെറ്റ് അവകാശമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ -ഫോൺ പദ്ധതിയുടെ സംസ്ഥാന ഉദ്‌ഘാടനത്തിന്റെ ഭാഗമായി ജില്ലയിലും തിങ്കളാഴ്‌ച വിപുലമായ പരിപാടികൾ നടക്കും. മണ്ഡലതലത്തിലാണ്‌ പരിപാടികൾ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top