24 April Wednesday
ബ്ലോക്ക്‌ ഭാരവാഹി പട്ടിക

കോൺഗ്രസിൽ കലാപം കൊഴുക്കുന്നു

സ്വന്തം ലേഖകൻUpdated: Monday Jun 5, 2023
കോഴിക്കോട്‌
ബ്ലോക്ക്‌ ഭാരവാഹി പട്ടികക്ക്‌ കെപിസിസി അംഗീകാരം നൽകിയതിനെ ചൊല്ലി ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയിൽ കലാപം കൊഴുക്കുന്നു. പുനഃസംഘടനയിൽ കടുത്ത അവഗണന നേരിട്ട എ ഗ്രൂപ്പ്‌ സംഘടനാ കാര്യങ്ങളിൽനിന്ന്‌ വിട്ടുനിൽക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടിയിലേക്ക്‌ കടക്കാനാണ്‌ ആലോചിക്കുന്നത്‌. ഭാരവാഹിത്വം വീതംവച്ച്‌ എടുത്തതിൽ എം കെ രാഘവൻ എംപി പരസ്യ പ്രതികരണവുമായി രംഗത്തെത്തി. കെ മുരളീധരൻ എംപിയും കടുത്ത അമർഷത്തിലാണ്‌. 
എ ഗ്രൂപ്പിന്‌ അർഹമായ സീറ്റുകളിൽ പലതും ടി സിദ്ദിഖ്‌ സ്വന്തക്കാർക്ക്‌ വീതിച്ചുനൽകിയെന്ന പരാതി ശക്തമാണ്‌. കഴിഞ്ഞ തവണ എ ഗ്രൂപ്പിനുണ്ടായിരുന്ന 17 ബ്ലോക്ക്‌ ഭാരവാഹികൾ ഏഴായി ചുരുങ്ങി. പൂർണമായി ഒതുക്കപ്പെട്ടതോടെ ജില്ലയിലെ സംഘടനാകാര്യങ്ങളിൽ ഇനി യോജിച്ച്‌ പോകേണ്ടതില്ലെന്ന നിലപാടാണ്‌ എ ഗ്രൂപ്പിന്‌. വരുംദിവസങ്ങളിൽ യോഗംചേർന്ന്‌ പ്രതിഷേധം കടുപ്പിക്കാനാണ്‌ നീക്കം. 
പുനഃസംഘടനക്കെതിരെ എം കെ രാഘവൻ എംപി പരസ്യമായി രംഗത്തെത്തി. പുനഃസംഘടനയിൽ എംപിമാരുടെ അഭിപ്രായം  പാലിക്കണമെന്ന ധാരണ അട്ടിമറിച്ചതായി അദ്ദേഹം വാർത്താലേഖകരോട്‌ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ അപാകമുണ്ട്‌. സാമുദായിക സന്തുലനം പാലിച്ചില്ല. താഴെയുള്ളവരെ ഒരുമിപ്പിച്ചുനിർത്തേണ്ടത് നേതൃത്വമാണ്. അത്തരം സമീപനമുണ്ടാകണം. ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ എംപിമാരെ അവഗണിച്ചത്‌ ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്‌ പാർലമെന്റ്‌ മണ്ഡലത്തിന്റെ പരിധിയിലെ ബ്ലോക്ക്‌ ഭാരവാഹികളെ നിശ്‌ചയിക്കുന്നതിൽ പൂർണമായും തഴഞ്ഞതാണ്‌ രാഘവനെ ചൊടിപ്പിച്ചത്‌.  
പരസ്യ പ്രതികരണത്തിന്‌ തയ്യാറായില്ലെങ്കിലും മുരളീധരനും കടുത്ത അമർഷത്തിലാണ്‌. നാദാപുരം ബ്ലോക്ക്‌ പ്രസിഡന്റായി തീരുമാനിച്ചയാൾ കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ടുചെയ്‌തിട്ടില്ലെന്ന ഗുരുതര ആരോപണമാണ്‌ മുരളീധരൻ ഉയർത്തുന്നത്‌. ഇതിലുള്ള അതൃപ്‌തി അദ്ദേഹം പല മുതിർന്ന നേതാക്കളോടും പങ്കുവച്ചു. 
മണ്ഡലം ഭാരവാഹികളുടെ പട്ടികയിലും ഇതേ അവഗണന ആവർത്തിക്കുമെന്ന ആശങ്ക എ ഗ്രൂപ്പിനുണ്ട്‌. നിലവിൽ ജില്ലയിൽ എ ഗ്രൂപ്പിനാണ്‌ മേൽക്കൈ. ജില്ലാ പുനഃസംഘടന സമിതി 85 മണ്ഡലങ്ങളുടെ ലിസ്റ്റ്‌ തയ്യാറായപ്പോൾ തന്നെ എ ഗ്രൂപ്പിന്‌ വലിയ നഷ്ടം സംഭവിച്ചു. കെപിസിസി അംഗീകരിക്കുന്ന പട്ടികയിൽ കൂടുതൽ നഷ്ടം വരുമെന്നാണ്‌ എ ഗ്രൂപ്പിന്റെ പേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top