26 April Friday
ഡിസിസി പുനഃസംഘടന

പോര് മുറുകി 
അടി ഉറപ്പായി

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
കോഴിക്കോട്‌
ജില്ലയിൽ പുനഃസംഘടനാ സമിതിയുടെ യോഗം ഞായറാഴ്‌ച ചേരാനിരിക്കെ  കോൺഗ്രസിൽ ഗ്രൂപ്പ്‌ പോരുമായി നേതാക്കൾ. ഗ്രൂപ്പ്‌ യോഗങ്ങൾ നടന്നതായി കാണിച്ച് കെപിസിസിക്ക്‌  പരാതി  അയച്ച നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. ഇതോടെ ഭാരവാഹി പട്ടിക ഇറങ്ങിയാൽ അടി മൂക്കുമെന്നുറപ്പായി. 
കെ സി അബു ഗ്രൂപ്പ്‌ യോഗം വിളിച്ചതായി കാണിച്ച്‌ ടി സിദ്ദിഖ്‌ വിഭാഗമാണ്‌ കെപിസിസിക്ക്‌ ആദ്യം പരാതി നൽകിയത്‌.  നിയമസഭാ തെരഞ്ഞെടുപ്പിന്‌ ശേഷം ജില്ലയിലെ എ ഗ്രൂപ്പ്‌ ഛിന്നഭിന്നമാണ്‌. മൂന്ന്‌ നേതാക്കൾക്കു കീഴിൽ ചേരിതിരിഞ്ഞാണ്‌ പ്രവർത്തനം. ഇതിൽ ടി സിദ്ദിഖ്‌, കെ സി വേണുഗോപാൽ പക്ഷത്തേക്ക്‌ കൂറുമാറി. എ ഗ്രൂപ്പിന്‌ ജില്ലയിൽ ചുക്കാൻ പടിക്കുന്ന കെ സി അബുവിനെ ഒതുക്കാൻ ലക്ഷ്യമിട്ടാണ്‌ സിദ്ദിഖ്‌ കെപിസിസിക്ക്‌ കത്തയച്ചത്‌. വിദേശയാത്ര കഴിഞ്ഞ്‌ മടങ്ങിവന്ന അബുവിന്‌ സ്വീകരണമെന്ന പേരിലാണ്‌ യോഗങ്ങൾ വിളിക്കുന്നത്‌. ഇത്‌ തടയുകയാണ്‌ സിദ്ദിഖിന്റെ ലക്ഷ്യം. 
പരാതി നിഷേധിച്ച കെ സി അബു സിദ്ദിഖിനെതിരെയും പരാതി നൽകി. നേരത്തേ സിദ്ദിഖിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട്‌ രഹസ്യ യോഗം ചേർന്നത്‌ വിവാദമായിരുന്നു. അന്ന്‌ മാധ്യമപ്രവർത്തകർക്ക്‌ ഉൾപ്പെടെ മർദനമേറ്റിരുന്നു. ഇത്‌ ചൂണ്ടിക്കാട്ടിയ അബു കഴിഞ്ഞ ദിവസം കോൺഗ്രസ്‌ സമരവേദിയിൽ  പരസ്യ പ്രതികരണത്തിനും മുതിർന്നു.  വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ തന്നെ ഡിസിസി ഓഫീസിൽ ഷാൾ അണിയിച്ചു സ്വീകരിച്ചത്‌ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാർ മാത്രമാണെന്നും മറ്റാരും  സ്വീകരണം നൽകിയിട്ടില്ലെന്നും അബു തുറന്നടിച്ചു.  
പുനഃസംഘടന ലക്ഷ്യമിട്ട്‌ ജില്ലയിൽ പലയിടത്തും ഗ്രൂപ്പ്‌ യോഗങ്ങൾ സജീവമാണെന്ന പരാതി നേരത്തേ ഉണ്ട്‌. എ, ഐ ഗ്രൂപ്പുകളും കെ സി വേണുഗോപാൽ, വി ഡി സതീശൻ പക്ഷവും  യോഗം വിളിക്കുന്നുണ്ട്‌. എം കെ രാഘവൻ എംപിയുടെ നേതൃത്വത്തിൽ ശശി തരൂർ വിഭാഗവും രംഗത്തുണ്ട്‌. 
ജില്ലയിൽ ജംബോ പട്ടികയുണ്ടാക്കി തീരുമാനം കെപിസിസിക്ക്‌ വിടാനാണ്‌ നീക്കം. ജില്ലയിൽ നിന്നുള്ള അന്തിമ പട്ടിക ഞായറാഴ്‌ച ഇറങ്ങിയേക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top