29 March Friday

സെക്രട്ടറിയുടെ പരാതിയിൽ 10 പേർക്കെതിരെ കേസ്‌ മേയർ ഭവനിൽ യുഡിഎഫ്‌ അക്രമം

സ്വന്തം ലേഖകൻUpdated: Sunday Dec 4, 2022

മേയർ ഭവനുള്ളിലേക്ക് യുഡിഎഫ് കൗൺസിലർമാർ അതിക്രമിച്ച് കയറുന്നു

കോഴിക്കോട്‌
പിഎൻബി ബാങ്ക്‌ തട്ടിപ്പ്‌ വിഷയത്തിൽ മേയർ ഭവനുള്ളിൽ അതിക്രമിച്ചു കയറിയ യുഡിഎഫ്‌ അംഗങ്ങൾ കോർപറേഷൻ സെക്രട്ടറിയെ കൈയേറ്റം ചെയ്‌തു. ശനി പകൽ പന്ത്രണ്ടോടെയാണ്‌ സംഭവം. മേയർ ബീന ഫിലിപ്പ്‌ വീട്ടിലുണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയിൽ മേയറെ കാണാൻ എത്തിയതായിരുന്നു സെക്രട്ടറി കെ യു ബിനി. ഇതേസമയം കെ സി ശോഭിത, കെ മൊയ്‌തീൻകോയ, എസ് കെ അബൂബക്കർ,ആയിഷ പാണ്ടികശാല, നിർമല, ഓമന എന്നിവരുടെ നേതൃത്വത്തിൽ അവിടെയെത്തിയ യുഡിഎഫ്‌ കൗൺസിലർമാരാണ്‌ കൈയേറ്റം ചെയ്‌തത്‌.  സെക്രട്ടറി നൽകിയ പരാതിയിൽ 10 പേർക്കെതിരെ വെള്ളയിൽ പൊലീസ്‌ കേസെടുത്തു. 
പ്രകോപനമില്ലാതെ സെക്രട്ടറിയോട്‌ തട്ടിക്കയറുകയായിരുന്നു. രക്ഷപ്പെടാൻ വീടനകത്തേക്ക്‌ കയറിയ അവരെ വനിതയാണെന്ന പരിഗണന പോലും നൽകാതെ പിന്തുടർന്നു. വീടിനകത്തുകയറി തടഞ്ഞുവച്ചു. ദേഹോപദ്രവമേൽപ്പിക്കാനും ശ്രമമുണ്ടായി.  മേയറുടെ കിടപ്പുമുറിയിൽവരെ കൗൺസിലർമാർ അതിക്രമിച്ചുകയറി. മേയർ ഭവനിലെ ടിവിയുടെ സെറ്റ് ടോപ്പ് ബോക്സും ഫർണിച്ചറും നശിപ്പിച്ചു. മേയർ ഭവനിലെത്തുന്ന കാര്യം യുഡിഎഫ്‌ കൗൺസിലർമാർ അറിയിച്ചിരുന്നില്ലെന്ന്‌ മേയർ ബീന ഫിലിപ്പ്‌ പറഞ്ഞു.  മേയറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. 
ജനാധിപത്യ സമൂഹത്തിന്‌ നാണക്കേട്‌: മേയർ
കോഴിക്കോട്‌
മേയർ ഭവനിൽ ശനിയാഴ്‌ചയുണ്ടായ സംഭവം ജനാധിപത്യ സമൂഹത്തിന്‌ നാണക്കേടാണെന്ന്‌ മേയർ ബീന ഫിലിപ്പ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യ മര്യാദ എല്ലാവരും പാലിക്കണം. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി കാണാൻ വന്നതായിരുന്നു സെക്രട്ടറി. എത്താൻ വൈകുമെന്ന്‌ അറിയിച്ചതനുസരിച്ചാണ്‌ അവർ കാത്തുനിന്നത്‌. അവരെ എന്തിനാണ്‌ ആക്രമിക്കുന്നതെന്ന്‌ മനസ്സിലാകുന്നില്ല. വീടിനുള്ളിൽ അഭയംതേടിയപ്പോൾ മുദ്രാവാക്യം വിളിച്ച്‌ പിന്തുടർന്ന്‌ തടഞ്ഞുവച്ചു.
യുഡിഎഫ്‌ കൗൺസിലർമാർ കിടപ്പുമുറിവരെ എത്തി ബഹളംവച്ചു. താമസിക്കുന്ന വീടിനുള്ളിലേക്ക്‌ അതിക്രമിച്ചുകയറുന്നത്‌ ശരിയല്ല. പേരക്കുട്ടികളടക്കം പേടിച്ചുപോയി.  പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. നിയമപരമായി മുന്നോട്ടുപോകും –- അവർ പറഞ്ഞു.
ഇത്തരം ഗുണ്ടായിസം കോഴിക്കോട്ടെ ജനങ്ങൾ അനുവദിക്കില്ലെന്ന്‌ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ പറഞ്ഞു.   കോഴിക്കോട്ടെ യുഡിഎഫിന്‌ അവരെത്തന്നെ നിയന്ത്രിക്കാൻ ആവാതായി. യുഡിഎഫ്‌ ജില്ലാ നേതൃത്വം മറുപടി പറയണം –- അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top