25 April Thursday

കോഴിക്കോട്‌ മേയർക്കെതിരായ അക്രമം പ്രതികളെ രക്ഷിക്കാൻ: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
കോഴിക്കോട്‌
പഞ്ചാബ് നാഷണൽ ബാങ്ക്‌ ഉദ്യോഗസ്ഥർ നടത്തിയ തട്ടിപ്പിന്റെ പേരിൽ മേയർ ഭവനിൽ യുഡിഎഫ് നടത്തിയ ആക്രമണം  യഥാർഥ പ്രതികളെ രക്ഷിക്കാനാണെന്ന്‌  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.  ബാങ്കിന്റെ മുൻ  മാനേജരാണ് തട്ടിപ്പ് നടത്തിയത്‌. ഇതിൽ കോർപറേഷന് ഒരു പിഴവും പറ്റിയിട്ടില്ല. കോർപറേഷന്റെ പണം തിരിച്ചുകിട്ടുന്നതിനും ബാങ്കിനും തട്ടിപ്പ് നടത്തിയവർക്കുമെതിരെ നിലപാട് സ്വീകരിക്കുന്നതിനും പകരം ചില മാധ്യമങ്ങളും യുഡിഎഫും ബിജെപിയും ചേർന്ന് കോർപറേഷന് എതിരെ കള്ളപ്രചാരണങ്ങളും ആക്രമണങ്ങളും സംഘടിപ്പിക്കുകയാണ്.  ജനാധിപത്യ മര്യാദ ലംഘിച്ചാണ്  മേയർക്കും  സെക്രട്ടറിക്കുമെതിരെ ആക്രമണം നടത്തിയത്.  മേയർ ഭവനിലെ മേയറുടെ ഓഫീസ് അടിച്ചു തകർക്കുകയും സെക്രട്ടറിയെ ആക്രമിക്കുകയും ചെയ്‌തു. മേയറുടെ കിടപ്പുമുറിയിൽ അടക്കം അതിക്രമിച്ചു കയറി. മുറിയുടെ വാതിൽ അടച്ചതുകൊണ്ടാണ്‌  സെക്രട്ടറിയുടെ ജീവൻ രക്ഷപ്പെട്ടത്. 
കോഴിക്കോട് നഗരത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ചില മാധ്യമങ്ങളുടെയും യുഡിഎഫ്–-ബിജെപി–-എസ്ഡിപിഐ–-ജമാഅത്തെ ഇസ്ലാമി സഖ്യത്തിന്റെയും ശ്രമങ്ങളുടെ തുടർച്ചയായാണ്‌ അക്രമം. വിഴിഞ്ഞത്ത് ഉൾപ്പെടെ സർക്കാരിനെതിരെ  നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിത്‌.  മേയർഭവനു നേരെ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാവണം. ഇത്തരം  നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടും. കോർപറേഷൻ അക്കൗണ്ടിൽനിന്ന്‌ നഷ്ടപ്പെട്ട മുഴുവൻ തുകയും പഞ്ചാബ് നാഷണൽ ബാങ്ക് നൽകാത്ത പക്ഷം കോഴിക്കോട് നഗരത്തിലെ എല്ലാ പിഎൻബി ശാഖകളും ഉപരോധിക്കാൻ എൽഡിഎഫ് നിർബന്ധിതമാകുമെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top