24 April Wednesday

കുടുംബശ്രീ വാർഷികാഘോഷം: പുരുഷന്മാർക്ക് ജമാ അത്തെ ഇസ്ലാമിയുടെ വിലക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
പേരാമ്പ്ര
ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള വാർഡിൽ കുടുംബശ്രീ രജതജൂബിലിയാഘോഷത്തിൽ പുരുഷന്മാരെ വിലക്കിയ നടപടി വിവാദമാകുന്നു. ചങ്ങരോത്ത് പഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ വാർഷികത്തിലാണ് ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ പുരുഷന്മാർക്ക് വിലക്ക് കല്പിച്ചത്.
വാർഡിലെ എല്ലാ വീടുകളിൽ നിന്നും പണം ശേഖരിച്ച് ശനിയാഴ്ച വാർഷികം നടത്താനാണ് തീരുമാനം.  സംഘാടകസമിതിയും രൂപീകരിച്ചു.  ഇതിനിടയിലാണ് സ്ത്രീകൾ കലാപരിപാടികൾ അവതരിപ്പിക്കുന്നത് പുരുഷന്മാർ കാണരുതെന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കൾ ഫത്ത് വ പുറപ്പെടുവിച്ചത്.
 പരിപാടി ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗവും വേദിവിട്ടാൽ മാത്രമേ സ്ത്രീകളുടെ കലാപരിപാടി തുടങ്ങുകയുള്ളൂവെന്ന് ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റിനെ മുൻകൂട്ടി അറിയച്ചതോടെയാണ് പുരുഷന്മാർക്ക്‌ വിലക്കേർപ്പെടുത്തിയ സംഭവം പുറത്തറിയുന്നത്. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരിയും പഞ്ചായത്തംഗം അഭിജിത്തും പരിപാടിയിൽനിന്നും വിട്ടുനിൽക്കുകയും ഇത്തരത്തിൽ കുടുംബശ്രീ വാർഷികം നടത്താൻ അനുവദിക്കില്ലെന്ന്‌  സംഘാടകരെ അറിയിക്കുകയും ചെയ്‌തു. 
 എന്നാൽ പരിപാടി ഉപേക്ഷിക്കാൻ തയ്യാറാകാതെ സിഡിഎസ് അംഗം താഹിറയുടെ നേതൃത്വത്തിൽ പെൺപെരുമയെന്ന പേരിൽ വാർഷികം സംഘടിപ്പിക്കുകയായിരുന്നു. ചെറിയ കുമ്പളം മദ്രസയിൽ നടന്ന പരിപാടിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനോ വീഡിയോ എടുക്കാനോ അനുവദിച്ചിരുന്നില്ല.
യുഡിഎഫുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പഞ്ചായത്തംഗമായ വെൽഫെയർ പാർടി നേതാവ് അബ്‌ദുള്ള സൽമാന്റെ ഭാര്യയാണ്  താഹിറ. ഒന്നാം വാർഡിൽ കോൺഗ്രസിലെ അഭിജിത്താണ് പഞ്ചായത്തംഗം. പരാതി ഉയർന്നതോടെ  പേരാമ്പ്ര എസ്ഐ കെ ഹബീബുള്ളയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. നടപടി പരിഷ്കൃതജനതക്ക് യോജിച്ചതല്ലെന്നും സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കംഅംഗീകരിക്കാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി പറഞ്ഞു.  ഒന്നാം വാർഡിൽജാതിമത ലിംഗ വ്യത്യാസമില്ലാതെ അടുത്ത ദിവസം കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top