29 March Friday

സങ്കടമൊഴിയാതെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
കോഴിക്കോട്‌
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും  മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‌ ആദരവോടെ നാട്‌ വിടനൽകി. അദ്ദേഹത്തിന്റെ ഓർമകൾ അലയടിച്ച വികാരനിർഭരമായ നിമിഷങ്ങളാണ്‌ ഓരോ പ്രദേശത്തുമുണ്ടായത്‌. കണ്ണൂർ പയ്യാമ്പലത്ത്‌ നടന്ന കോടിയേരിയുടെ സംസ്‌കാര ചടങ്ങിൽ ജില്ലയിൽനിന്ന്‌ ആയിരങ്ങൾ പങ്കാളികളായി.  
എന്നും ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന കോടിയേരിയുടെ വേർപാട്‌ കേരളീയ സമൂഹത്തിന്റെ അപരിഹാര്യമായ നഷ്ടമാണെന്ന്‌ എൻസിപി ജില്ലാ കമ്മിറ്റി അനുശോചിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ മുക്കം മുഹമ്മദ്‌ അധ്യക്ഷനായി. 
കേരള രാഷ്‌ട്രീയത്തിൽ പുതിയ ദിശാമാർഗങ്ങൾ വെട്ടിത്തുറന്ന രാഷ്‌ട്രീയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്‌ണനെന്ന്‌ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ കെ പി ഉണ്ണികൃഷ്‌ണൻ അനുശോചിച്ചു. കേരളത്തിലെ തൊഴിലാളി വർഗത്തിനും തൊഴിലാളി വർഗ രാഷ്‌ട്രീയത്തിനും അദ്ദേഹം വലിയ സംഭാവന നൽകി. കോടിയേരിയുടെ വേർപാടിൽ തടിച്ചുകൂടിയ ജനാവലി അദ്ദേഹത്തിന്റെ ജനകീയതയുടെ അടയാളപ്പെടുത്തലാണെന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കേരളാ കോൺഗ്രസ് (ജേക്കബ്)  ജില്ലാകമ്മിറ്റി അനുശോചിച്ചു.  പ്രസിഡന്റ്‌ കെ പി രാധാകൃഷ്ണൻ അധ്യക്ഷനായി.  കലിക്കറ്റ്‌ സിറ്റി സർവീസ്‌ സഹകരണ ബാങ്ക്‌ ഭരണസമിതി യോഗം അനുശോചിച്ചു. എംവിആർ ക്യാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. ചെയർമാൻ ജി നാരായണൻ കുട്ടി അധ്യക്ഷനായി.
സിപിഐ എം ദേശാഭിമാനി ലോക്കൽ കമ്മിറ്റി അനുശോചിച്ചു. മാനേജർ ഒ പി സുരേഷ്‌, ന്യൂസ്‌ എഡിറ്റർ ജയകൃഷ്‌ണൻ നരിക്കുട്ടി, വാരിക അസി. എഡിറ്റർ ഷിബു മുഹമ്മദ്, എം പ്രമോദ്‌ കുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ പ്രകാശൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top