09 May Thursday
ഒരാഴ്ചക്കുള്ളിൽ മത്സ്യത്തൊഴിലാളി നിയമനം

കടൽ സുരക്ഷയ്ക്ക്‌ 
കൂടുതൽ സ്ക്വാഡുകൾ

സ്വന്തം ലേഖികUpdated: Tuesday Oct 4, 2022
 
 
കോഴിക്കോട്‌
ജില്ലയിലെ തുറമുഖങ്ങൾ കേന്ദ്രീകരിച്ച്‌ രക്ഷാപ്രവർത്തനത്തിനും വിവരശേഖരണത്തിനുമായി ഫിഷറീസ്‌ വിഭാഗം പ്രത്യേക കടൽ സുരക്ഷാ സ്ക്വാഡുകൾ വ്യാപിപ്പിക്കുന്നു. മത്സ്യത്തൊഴിലാളികളെ അംഗങ്ങളാക്കി ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല  തുറമുഖങ്ങളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഓരോ കേന്ദ്രങ്ങളിലും അഞ്ചുപേർ വീതമുള്ള സ്ക്വാഡ്‌ രൂപീകരിക്കും. നിയമന നടപടി ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും. 
നിലവിൽ കൊയിലാണ്ടി, ബേപ്പൂർ തുറമുഖങ്ങളിൽ മാത്രമാണ്‌ നാലുപേർ വീതമുള്ള ഓരോ സ്ക്വാഡ്‌ ഉള്ളത്‌. ചോമ്പാല, പുതിയാപ്പ എന്നീ കേന്ദ്രങ്ങളിൽ രക്ഷാപ്രവർത്തനത്തിനും മറ്റും ഇവിടങ്ങളിൽനിന്നാണ്‌ യാനം പോകാറുള്ളത്‌. ഇത്‌  കാലതാമസത്തിന്‌ ഇടവരുത്താറുണ്ട്‌. ഇവയ്‌ക്കുൾപ്പെടെ പരിഹാരം ലക്ഷ്യമിട്ടാണ്‌ കൂടുതൽ സംഘങ്ങളെ  ഭാഗമാക്കുന്നത്‌. 
2018ലെ പ്രളയരക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത തൊഴിലാളികൾക്ക്‌ പ്രാധാന്യം നൽകിയാണ്‌ സ്ക്വാഡ്‌ രൂപീകരിക്കുക. ഓരോ സ്ക്വാഡിനും രക്ഷാപ്രവർത്തനത്തിന്‌ എൻജിനുള്ള യാനം ഉണ്ടാകും. മത്സ്യത്തൊഴിലാളികൾ ജോലിക്കിടെ കടലിൽ അകപ്പെട്ടാലും മറ്റു അപകടങ്ങളുണ്ടായാലും ഈ സ്ക്വാഡിന്റെ സേവനം ലഭിക്കും. 
ഗോവ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വാട്ടർ സ്പോർട്സിൽ പരിശീലനം നേടിയ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരെയാണ്‌ സ്ക്വാഡിൽ ഉൾപ്പെടുത്തുക. ഹാർബർ മാനേജ്‌മെന്റ്‌ സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഇവരുടെ സഹായം ഉണ്ടാകും. ആവശ്യാനുസരണം എല്ലാ തുറമുഖങ്ങളിലും സേവനം ലഭ്യമാക്കും. കടലിൽ പോയിവരുന്ന തൊഴിലാളികളുടെയും യാനങ്ങളുടെയും വിവരങ്ങളും ശേഖരിക്കും. സംസ്ഥാനത്താകെ അനുവദിച്ച 100 അംഗ സ്ക്വാഡിൽ 20ഉം കോഴിക്കോട്ടാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top