29 March Friday

‘നിഴൽ’ പറഞ്ഞു; 
നിഴലാവേണ്ടവരല്ല ഇവർ

എ സജീവ് കുമാർUpdated: Tuesday Oct 4, 2022
 
കൊയിലാണ്ടി
ഈ കുട്ടികൾക്ക്‌ ഇപ്പോൾ രക്ഷിതാക്കൾമാത്രമാണ് വെളിച്ചം. സമൂഹം ഒന്നാകെ വെളിച്ചമാകുമ്പോൾ അവർ തിളങ്ങുമെന്ന്‌ തെളിയിക്കുകയാണ്‌ ചേമഞ്ചേരി തണൽ സ്പേസ്. കൊയിലാണ്ടി കൂട്ടത്തിന്റെ സഹായത്താൽ ഇവിടുത്തെ ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച നാടകം ‘നിഴൽ’ ഇത്‌ വ്യക്തമാക്കുന്നു. 
നാടകപ്രവർത്തകൻ ദീപു തൃക്കോട്ടൂർ രചന നിർവഹിച്ച്‌ സംവിധാനംചെയ്ത നിഴലിൽ  തണലിലെ 36 ഭിന്നശേഷിക്കാരും അവരുടെ  രക്ഷിതാക്കളും അധ്യാപകരുമാണ്‌ അഭിനയിച്ചത്‌. സമപ്രായക്കാരായ റാബിയയുടെയും രാധികയുടെയും കഥയിലൂടെയാണ് നാടകം വികസിക്കുന്നത്. ഭിന്നശേഷി കുട്ടികളെ സമൂഹം സ്നേഹംകൊണ്ട് ചേർത്തുനിർത്തണമെന്ന്‌ നാടകം പറയുന്നു. കൊയിലാണ്ടി ടൗൺ ഹാളിൽ അവതരിപ്പിച്ച ഒരു മണിക്കൂർ  നാടകം  ഭിന്നശേഷി കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും യഥാർഥ ജീവിതത്തിലൂടെയാണ്‌ സഞ്ചരിച്ചത്‌. കോവിഡ് കാലത്തിനുമുമ്പ്‌  റിഹേഴ്സൽ ആരംഭിച്ചിരുന്നുവെങ്കിലും നിർത്തിവയ്ക്കേണ്ടിവന്നു. കഴിഞ്ഞ ആറുമാസത്തെ  പരിശീലനത്തിലൂടെയാണ് വേദിയിലെത്തിയത്. പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നുമടക്കം നാടകം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചുവെന്ന്‌  ദീപു തൃക്കോട്ടൂർ പറഞ്ഞു. 
 18 വയസ്സിനുമുകളിലുള്ള ഭിന്നശേഷിക്കാരുടെ ഇടമാണ് പൂക്കാട്ടെ തണൽ സ്പേസ്. ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്ത ഇവർക്ക് തൊഴിലിടങ്ങൾ സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം. ആറുപേർ കൊയിലാണ്ടിയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top