29 March Friday

കാരശേരിയിൽ അരി കുഴിച്ചുമൂടിയ സംഭവം: യുഡിഎഫ് ഭരണസമിതിയുടെ പിടിപ്പുകേട്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
മുക്കം
കാരശേരി പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന അരി കുഴിച്ചുമൂടിയ സംഭവത്തിൽ നിലവിലെ യുഡിഎഫ് ഭരണസമിതിക്കാണ് ഉത്തരവാദിത്തമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ഏരിയാ കമ്മിറ്റി അംഗവുമായ വി കെ വിനോദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ത്വക്‌ രോഗാശുപത്രിക്ക് നൽകി ബാക്കിവന്ന അരി മാങ്കാവ് ഉദയം ഹോമിന് നൽകാനുള്ള ഉത്തരവ് ലംഘിച്ച് ഭരണ സമിതി പിടിച്ചു വച്ചതുകൊണ്ടാണ് നശിപ്പിക്കേണ്ടി വന്നത്.  
നിലവിലെ ഭരണസമിതി അധികാരത്തിലേറി എട്ടുമാസത്തോളമായിട്ടും ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ കഴിയാതിരുന്നത് ഭരണസമിതിയുടെ പിടിപ്പുകേടാണ്. 2020ലെ കോവിഡ് പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്ക് നൽകുന്നതിനായാണ് ജില്ലാ ഭരണവിഭാഗം അരി അനുവദിച്ചിരുന്നത്. ഇതിൽ 75 ചാക്ക് അരി അന്നത്തെ ഭരണ സമിതി വിതരണം ചെയ്തു.  ഈ സമയത്ത് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതിനാൽ നൂറു ചാക്ക് അരി ബാക്കി വരികയായിരുന്നു. ഇതു സം ബന്ധിച്ച് 2020 ആഗസ്ത്‌ അഞ്ചിന് അന്നത്തെ എൽഡിഎഫ് ഭരണസമിതി  കലക്ടർക്ക് കത്ത് നൽകി. തുടർന്ന്1700 കിലോ അരി ത്വക്ക് രോഗ ആശുപത്രിക്കും ബാക്കി മാങ്കാവ് ഉദയം ഹോം അധികൃതർക്ക്  നൽകാനും  കലക്ടർ നിർദേശം നൽകി. 
ഫെബ്രുവരി 20നാണ് 1700 കിലോഗ്രാം അരി ത്വക്ക് രോഗാശുപത്രിക്ക്‌ നൽകിയത്. തുടർന്ന് മാർച്ച് അഞ്ചിന് മാങ്കാവ് ഉദയം ഹോമിന് ബാക്കി നൽകാൻ ആവശ്യപ്പെട്ടെങ്കിലും 18 ചാക്ക് അരി നൽകാതെ പിടിച്ചു വയ്‌ക്കുകയായിരുന്നു. ഇത് എന്തിനായിരുന്നുവെന്ന് ഭരണസമിതി മറുപടി പറയണം. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചില മാധ്യമങ്ങളിൽ  വന്ന വാർത്തകൾ വസ്തുതക്ക് നിരക്കാത്തതാണന്നും തെറ്റായ വാർത്തകൾ നൽകിയ മാധ്യമങ്ങൾ  തിരുത്താൻ തയ്യാറാകണമെന്നും വി കെ വിനോദ് ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top