25 April Thursday

നിരത്തൊഴിഞ്ഞ്‌ സ്വകാര്യ ബസ്സുകൾ

സ്വന്തം ലേഖകൻUpdated: Tuesday Aug 4, 2020

 

കോഴിക്കോട്‌
ഡീസൽ ചെലവുപോലും ഒത്തുകിട്ടാത്തതിനാൽ സ്വകാര്യ ബസ്സുകൾ നിരത്തിൽനിന്ന്‌ ഒഴിയുന്നു. ലോക്‌ഡൗണിനുമുമ്പ്‌ സർവീസ്‌ നടത്തിയിരുന്ന 1260 സ്വകാര്യ ബസ്സുകളിൽ ഭൂരിഭാഗവും ഓടുന്നില്ല. 75ഓളം ബസ്സുകൾ മാത്രമാണ്‌ ഇപ്പോൾ ഓടുന്നത്‌. ഓടുന്നവയിൽ ആളുകളുമില്ല. കോവിഡ്‌ ഭീതിയിൽ ബസ്‌ യാത്ര ഒഴിവാക്കി സ്വന്തം വാഹനങ്ങളെയാണ് അധികംപേരും ആശ്രയിക്കുന്നത്‌.‌  
ബസ്സുകൾ ഓടിക്കാനാവില്ലെന്നുകാണിച്ച്‌ ജില്ലയിലെ 94 ശതമാനം ഉടമകളും ആർടിഒ ഓഫീസിൽ ജി ഫോം നൽകി. രണ്ടുമാസത്തേക്കാണിത്‌. അതുകഴിഞ്ഞ്‌ സ്ഥിതി വിലയിരുത്തിയശേഷമാകും തുടർതീരുമാനമെടുക്കുകയെന്ന്‌ ബസ്സുടമകൾ പറഞ്ഞു.
 കോവിഡ്‌ വ്യാപനത്തെത്തുടർന്ന്‌ ഉൾപ്രദേശങ്ങൾപോലും കണ്ടെയിൻമെന്റ്‌ സോണിൽപെട്ടതിനാൽ ഗതാഗതം അപൂർവമായി. എല്ലാമാസവും 30നാണ്‌ ജി ഫോം സമർപ്പിക്കേണ്ടത്‌. നിലവിൽ ഓടുന്ന ബസ്സുകൾ സാമ്പത്തിക നഷ്ടം സഹിച്ചാണ്‌ ഓടുന്നത്‌. സാഹചര്യം മോശമായാൽ അവശേഷിക്കുന്ന ബസ്സുകളും  ബി ഫോം നൽകി ഓട്ടം നിർത്തും. ഡീസലിന്‌ ലിറ്ററിന്‌ 12 രൂപ‌ കൂടിയതും ബസ്സുകളിൽ ആളില്ലാത്തതും ഈ മേഖലയുടെ നട്ടെല്ലൊടിച്ചു.
ബസ്സുകൾ ഓടാതായതോടെ ഇതുമായി ബന്ധപ്പെട്ട്‌ ഉപജീവനം നടത്തിയിരുന്ന ലക്ഷത്തിലധികം പേരുടെ ജീവിതവും വഴിമുട്ടി. പലരും മറ്റു ജോലികൾ തേടുകയാണ്‌. ആറ്‌ ജീവനക്കാർ വരെ ഒരു ബസ്സിൽ തൊഴിലെടുത്തിരുന്നു. ലോക്‌ഡൗണിനുശേഷം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ ദുരിതത്തിലാണ്‌ ഇവരെല്ലാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top