25 April Thursday

ഇഴഞ്ഞിഴഞ്ഞ്‌ ബാലുശേരി ബൈപാസ്‌ വന്നേ തീരൂ

ഗിരീഷ്‌ വാകയാട്‌Updated: Monday Jul 4, 2022
ബാലുശേരി
ഏതുനേരത്താണ് ബാലുശേരി നഗരം ഇഴഞ്ഞുനീങ്ങുകയെന്ന പ്രവചനം അസാധ്യമാണ്. തിരക്കൊഴിഞ്ഞതെന്ന് നാം കരുതുന്ന ഉച്ചയ്ക്കോ രാത്രിയിലോ പോലും  നഗരം കുരുക്കിന്റെ പിടിയിലമരാം. റോഡ് നിറഞ്ഞ് പതിയെ നീങ്ങുന്ന വാഹനമതിലാണ്‌ ഏതുനേരത്തും ബാലുശേരിയിലെ കാഴ്ച. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ബാലുശേരിക്ക് ബൈപാസ് കൂടിയേ തീരൂ.  
ടൗൺ വികസിക്കുന്നതിനൊപ്പം കുരുക്കും മുറുകുകയാണ്. കുരുക്കഴിക്കാൻ കൊണ്ടുവന്ന ബൈപാസ് ഇപ്പോഴും പാതിവഴിയിലാണ്. ഒന്നാം പിണറായി സർക്കാരാണ്‌ ബൈപാസിനായി പത്തുകോടി രൂപ ബജറ്റിൽ അനുവദിച്ചത്. ബാലുശേരി –-കോഴിക്കോട് റൂട്ടിലും താമരശേരി–- കൊയിലാണ്ടി റൂട്ടിലും ഉൾപ്രദേശങ്ങളിലേക്കുമായി നൂറിലധികം ബസ്സുകൾ ബാലുശേരിയിലൂടെ സർവീസ് നടത്തുന്നുണ്ട്.
 ചെറുവാഹനങ്ങളും ചരക്കുവാഹനങ്ങളും വേറെയും. മലയോര പഞ്ചായത്തുകളിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന ടൗണാണ് ബാലുശേരി. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി എംഎൽഎയായിരുന്ന പുരുഷൻ കടലുണ്ടിയാണ്‌ ബൈപാസ്‌ മുന്നോട്ടുവെച്ചത്‌. നേരത്തെ നിർദേശിക്കപ്പെട്ട അലൈൻമെന്റിന്‌ പകരം ഒറ്റ വീടും നഷ്ടപ്പെടാതെയാണ്‌ പരിഷ്‌കരിച്ച നിർദേശത്തിലുള്ളത്‌.  ചിലർ രാഷ്ട്രീയ ദുഷ്ടലാക്കോടെ സർവേ തടഞ്ഞതോടെ ബൈപാസിന്റെ പ്രാഥമിക നടപടികൾ മുടങ്ങി. പഞ്ചായത്ത്‌ ഭരണസിമിതിയും  ജനങ്ങളും  വ്യാപാരികളും ബൈപാസിനൊപ്പമാണ്.
കാട്ടാംവള്ളി പെട്രോൾപമ്പിനടുത്ത്‌ നിന്നാരംഭിച്ച് ബാലുശേരി മുക്കിൽ അവസാനിക്കുന്ന രീതിയിലാണ് 2.4 കിലോമീറ്ററുള്ള പുതിയ അലൈൻമെന്റ്. 1.8 കി മീ സർവേയാണ് പൂർത്തിയായത്. കെ എം സച്ചിൻദേവ് എംഎൽഎ ബൈപാസ് സംബന്ധിച്ച് നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചിരുന്നു. ജനപ്രതിനിധികളുമായും  ഉദ്യോഗസ്ഥരുമായും ഭൂവുടമകളുമായും  ചർച്ച നടത്തി ജനകീയ അവബോധം സൃഷ്ടിച്ച്‌  സർവേ  പൂർത്തിയാക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞത്. ഭൂമി ഏറ്റെടുക്കുന്നതിന്‌ ഉൾപ്പെടെ അധിക തുക കിഫ്ബി അനുവദിക്കുമെന്ന് എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top