20 April Saturday

പനിച്ച്‌ വിറച്ച്‌ ജില്ല

സ്വന്തം ലേഖികUpdated: Monday Jul 4, 2022
കോഴിക്കോട്‌
മഴ കനത്തതോടെ പകർച്ചപ്പനി പിടിയിൽ ജില്ല. വൈറൽ പനിയാണ്‌  വ്യാപിക്കുന്നത്‌. എലിപ്പനിയും ഡെങ്കിപ്പനിയും ചിലയിടങ്ങളിൽ  റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. അഞ്ച്‌  ദിവസത്തിനിടെ പതിനായിരത്തിലധികം പേരാണ്‌ പനിക്ക്‌ ചികിത്സതേടിയത്‌. ശനിയാഴ്‌ച 1988 പേർ  വിവിധ സർക്കാർ ആശുപത്രികളിലെത്തി. ഇതിൽ എട്ടുപേരെ കിടത്തി ചികിത്സക്ക്‌ പ്രവേശിപ്പിച്ചു. വെള്ളി 1731 പേരും വ്യാഴം 2026 ഉം ബുധൻ 2264 പേരും ചികിത്സതേടി.   ചെറുവണ്ണൂരിൽ ഒരാൾക്ക്‌ ഡെങ്കിപ്പനി  സ്ഥിരീകരിച്ചു. 11 പേർക്ക്‌ ഡെങ്കി ലക്ഷണങ്ങളുണ്ട്‌.  ഒരാൾക്ക്‌  എച്ച്‌വൺ എൻവൺ റിപ്പോർട്ട്‌ ചെയ്‌തു. രണ്ട്‌ പേർക്ക്‌ എലിപ്പനി ലക്ഷണങ്ങളുണ്ടായി.  വയറിളക്ക രോഗങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. 162 പേരാണ്‌ ചികിത്സതേടിയത്‌.  ആറുപേർക്ക്‌ ഹെപ്പറ്റൈറ്റിസ്‌ എ സ്ഥിരീകരിച്ചു. പനിബാധിതരിൽ മലപ്പുറത്തിന്‌ പിന്നിൽ രണ്ടാമതാണ്‌ ജില്ല.
പനി ക്ലിനിക്കുകൾ തുടങ്ങി
കോഴിക്കോട്‌
പനിബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ താലൂക്ക്‌ ആശുപത്രികൾ മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ തുടങ്ങി. ഉച്ചവരെ സേവനം ലഭിക്കും.  ബീച്ച്‌ ജനറൽ ആശുപത്രിയിൽ വൈകുംവരെയുണ്ട്‌.  ഡെങ്കിയും എലിപ്പനിയും റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെങ്കിൽ വലിയൊരു വ്യാപനമായി മാറിയിട്ടില്ലെന്ന്‌ ഡിഎംഒ ഉമ്മർ ഫാറൂഖ്‌ പറഞ്ഞു. ജില്ലാ–-പ്രാദേശിക തലങ്ങളിൽ മഴക്കാല പൂർവ ഒരുക്കം നടത്തിയത്‌ അനുകൂലമായി. എല്ലാ ആരോഗ്യ കേന്ദ്രത്തിലും മരുന്ന്‌ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്‌. ആവശ്യമെങ്കിൽ പനി വാർഡ്‌ തുടങ്ങാനും നിർദേശംനൽകി. എൻഎച്ച്‌എം വഴി ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്‌. രോഗികൾ കൂടുകയാണെങ്കിൽ ജീവനക്കാരെ നിയമിക്കണമെന്ന്‌ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top