26 April Friday
ബാങ്ക്‌ പ്രവർത്തനം സ്‌തംഭിപ്പിക്കുമെന്ന്‌ മുന്നറിയിപ്പ്‌

24 മണിക്കൂറിനകം പണം തിരികെ 
നൽകണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
 
കോഴിക്കോട്‌
കോർപറേഷന്റെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്ത തുക 24 മണിക്കൂറിനകം തിരിച്ചു നൽകിയില്ലെങ്കിൽ പഞ്ചാബ്‌ നാഷനൽ ബാങ്കിന്റെ  മുഴുവൻ ശാഖകളും  സ്‌തംഭിപ്പിക്കുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. എൽഡിഎഫ്‌ സിറ്റി കമ്മിറ്റി പിഎൻബി ലിങ്ക്‌ റോഡ്‌ ബ്രാഞ്ചിലേക്ക്‌ നടത്തിയ മാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
തട്ടിപ്പ്‌ സംബന്ധിച്ച്‌ പൊലീസും ബാങ്ക്‌ അധികൃതരും സമഗ്രാന്വേഷണം നടത്തണം.  ബാങ്കിലെ ഇടപാടുകാരുടെ  അക്കൗണ്ടും പരിശോധിക്കണം.  തട്ടിപ്പ്‌ നടന്നിട്ടില്ലെന്നും  ആർക്കും നഷ്ടങ്ങളുണ്ടായില്ലെന്നും ഉറപ്പാക്കണം.  അതിനായി ഏതറ്റം വരെ പോകുന്നതിലും എൽഡിഎഫ്‌  വിട്ടുവീഴ്‌ച ചെയ്യില്ല.  ബാങ്ക്‌ മുൻ  മാനേജരാണ്‌ തട്ടിപ്പ്‌  നടത്തിയതെന്നും കോർപറേഷന്‌ പിഴവില്ലെന്നും വ്യക്തമായതാണ്‌. എന്നിട്ടും യുഡിഎഫും ചില മാധ്യമങ്ങളും ഭരണസമിതിക്കും എൽഡിഎഫിനും എതിരായി  പ്രചാരണങ്ങൾ നടത്താനുള്ള അവസരമാക്കുകയാണ്‌. പണം നഷ്ടപ്പെട്ടാൽ അത്‌ തിരിച്ചു പിടിക്കുന്നതിന്‌ കൂടെ നിൽക്കുകയാണ്‌ വേണ്ടത്‌.   യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും കുത്തിത്തിരിപ്പും കള്ളപ്രചാരണങ്ങളും ഇവിടെ വിലപ്പോവില്ല. ജനങ്ങൾ അതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാർച്ചിൽ  എൽഡിഎഫ്‌ കൗൺസിലർമാരും ജനങ്ങളും അണിനിരന്നു. 
നികുതി അപ്പീൽ സമിതി ചെയർമാൻ പി കെ നാസർ അധ്യക്ഷനായി.    കൗൺസിലർ എൻ സി മോയിൻകുട്ടി, പി ടി ആസാദ്‌, കരുണാകരൻ,  ഫിറോസ്‌ എന്നിവർ സംസാരിച്ചു.  ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top