25 April Thursday

നെഹ്‌റുവിനെതിരെ സുധാകരന്റെ പരാമർശം നിന്ദ്യം: എം എ ബേബി

സ്വന്തം ലേഖകൻUpdated: Saturday Dec 3, 2022
 
കോഴിക്കോട്‌ 
എക്കാലവും കോൺഗ്രസ്‌ പാർടിയുടെ സമ്പത്തായി ഉയർത്തിക്കാണിക്കേണ്ട പണ്ഡിറ്റ്‌ നെഹ്‌റു  തന്നെപ്പോലെ വർഗീയ ഫാസിസ്‌റ്റുകളോട്‌ സന്ധിചെയ്‌ത ആളാണെന്ന  കെപിസിസി പ്രസിഡന്റിന്റെ പരാമർശം അവാസ്‌തവവും നിന്ദ്യവുമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സുധാകരന്‌ ഇങ്ങനെ പറയാൻ കഴിയുന്നത്‌ അദ്ദേഹത്തിന്റെ സഹതാപാർഹമായ ചരിത്രബോധം കൊണ്ടാണ്‌. എന്നിട്ടും  അത്‌ ചോദിക്കാൻ  കോൺഗ്രസിലും നെഹ്‌റു കുടംബത്തിലും ആരുമില്ലാത്തത്‌ ആ പാർടിയുടെ ഇപ്പോഴത്തെ ഗതികേടാണ്‌.   കേളുഏട്ടൻ പഠനകേന്ദ്രവും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ  കമ്മിറ്റിയും ചേർന്ന്‌ സംഘടിപ്പിച്ച ‘ നെഹ്‌റുവും മതനിരപേക്ഷ ഇന്ത്യയും’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ഭൂരിപക്ഷമതം വർഗീയത പ്രകടിപ്പിക്കുമ്പോൾ അത്‌ ദേശീയതയായി തെറ്റദ്ധരിക്കപ്പെടുമെന്ന്‌ ഉണർത്തിയ മഹാനാണ്‌ നെഹ്‌റു. ഇന്ന്‌ ആർഎസ്‌എസും ബിജെപിയും അവരുടെ പ്രത്യയശാസ്‌ത്രം വളരെ കൗശലപൂർവം സാംസ്‌കാരിക ദേശീയതയെന്ന വ്യാജനാമധേയത്തിൽ അവതരിപ്പിക്കുകയാണ്‌.  സാംസ്‌കാരിക ദേശീയതക്ക്‌ വേണ്ടിയാണ്‌ ഞങ്ങൾ നിലകൊള്ളുന്നത്‌ എന്ന്‌ അവതരിപ്പിച്ച്‌ അത്യന്തം ആപത്‌കരമായി മാറാവുന്ന മതരാഷ്‌ട്രസ്ഥാപന പദ്ധതി നടപ്പിലാക്കുകയാണ്‌. മഹാത്മാഗാന്ധിയുടെ ജീവനെടുത്ത വിഷം രാജ്യമാകെ വ്യാപിക്കുകയാണ്‌. അതിന് അനുവദിക്കരുതെന്ന്‌ പറഞ്ഞത്‌ നെഹ്‌റുവാണ്‌.  അദ്ദേഹത്തിനെതിരെ കെപിസിസി പ്രസിഡന്റ്‌ തന്നെ ഇത്തമൊരു പരാമർശം നടത്തിയിട്ടും കോൺഗ്രസ്‌ മൗനം പാലിക്കുകയാണ്‌.  വർഗീയ ഫാസിസം അതിന്റെ വിഷഫണമുയർത്തുമ്പോൾ അതിനെതിരെ പോരാടാനുള്ള ആയുധമാണ്‌ ഗാന്ധിജിയും നെഹ്‌റുവും ടാഗോറുമെന്ന കാര്യം മറക്കരുതെന്നും ബേബി പറഞ്ഞു. 
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി യു ഹേമന്ത്‌കുമാർ, ജില്ലാ പ്രസിഡന്റ്‌ എ കെ രമേശ്‌, കെ കെ സി പിള്ള, ഡോ. ജെ പ്രസാദ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top