24 April Wednesday

പുസ്‌തകം ഓൺലൈനിൽ ഡിജിറ്റലായി മാനാഞ്ചിറ പബ്ലിക്‌ ലൈബ്രറി

സ്വന്തം ലേഖികUpdated: Friday Dec 3, 2021

മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിൽ ഡിജിറ്റലൈസേഷൻ പുരോഗമിക്കുന്നു

കോഴിക്കോട്‌
വായിക്കാനാഗ്രഹിക്കുന്ന പുസ്‌തകം മാനാഞ്ചിറ പബ്ലിക്‌ ലൈബ്രറിയിൽ ഉണ്ടോ എന്നറിയാൻ ഇനി ലൈബ്രറിയിലേക്ക്‌ വരണ്ട. പുസ്‌തകം മുൻകൂറായി ബുക്ക്‌ ചെയ്യലും തിയ്യതി പുതുക്കലുമെല്ലാം  വീട്ടിലിരുന്ന്‌ ചെയ്യാം. സമ്പൂർണമായി ഡിജിറ്റലൈസേഷൻ നടപ്പാക്കി ആധുനികവൽക്കരണത്തിലേക്ക്‌ ചുവടുവയ്‌ക്കുകയാണ്‌ മാനാഞ്ചിറ പബ്ലിക്‌ ലൈബ്രറി.
2017ൽ സ്‌റ്റേറ്റ്‌ പബ്ലിക്‌ ലൈബ്രറി കൗൺസിലിന്‌ കീഴിലായതിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ്‌ സമ്പൂർണ ഡിജിറ്റലൈസേഷൻ. ലൈബ്രറിയിലെ മുഴുവൻ പുസ്‌തകങ്ങളുടെ വിവരവും വെബ്‌സൈറ്റിൽ ലഭിക്കും. ഒരു എഴുത്തുകാരന്റെ ഏതൊക്കെ പുസ്‌തകങ്ങൾ ഉണ്ടെന്ന്‌ നോക്കാനുള്ള സംവിധാനമുണ്ട്‌. പുസ്‌തകങ്ങൾ മറ്റാരെങ്കിലും എടുത്തതാണെങ്കിൽ തിരിച്ചുകൊണ്ടുവരുന്ന മുറയ്‌ക്ക്‌ ലഭിക്കാനായി ബുക്ക്‌ ചെയ്യാനുമാവും. ഇതനുസരിച്ചുള്ള എല്ലാ അറിയിപ്പുകളും ഫോണോ മെയിലോ വഴി സന്ദേശമായി ലൈബ്രറി അംഗത്തിന്‌ ലഭിക്കും. 
മൊത്തം 82000ത്തോളം പുസ്‌തകങ്ങളാണ്‌ ഇവിടെ ഉള്ളത്‌. ഇത്‌ സംബന്ധിച്ച എല്ലാ വിവരങ്ങളും www.publiclibrarykozhikode.com എന്ന വെബ്സൈറ്റിലുണ്ട്‌. അടുത്ത ഘട്ടമായി സർക്കാർ ഗസറ്റുകൾ, ചരിത്രരേഖകൾ എന്നിവ ഡിജിറ്റലൈസ്‌ ചെയ്യാനുള്ള നടപടികളിലാണ്‌. ഇതിനുള്ള കംപ്യൂട്ടർ, ഫർണിച്ചറുകൾ എന്നിവ  ഒരുക്കി. ജനുവരിയോ ടെ പ്രവൃത്തി തുടങ്ങും. 1947 മുതലുള്ള സർക്കാരിന്റെ എല്ലാ ഗസറ്റുകളും ലൈബ്രറിയിലുണ്ട്‌. ചരിത്ര പ്രാധാന്യമുള്ള  സംഭവങ്ങളുടെ രേഖകളും ലഭ്യമായാൽ  ലൈബ്രറിയിൽ ഡിജിറ്റലാക്കി സൂക്ഷിക്കാനുള്ള സംവിധാനവുമൊരുക്കുന്നുണ്ട്‌. പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന നൂറോളം വിദ്യാർഥികൾ ദിവസവും  റഫറൻസിനായി  ഇവിടെയെത്തുന്നുണ്ട്‌. 3000ന്‌ മുകളിൽ ആളുകൾ അംഗങ്ങളായുള്ള ലൈബ്രറിക്ക്‌ ചുറ്റുമതിൽ, കൂടുതൽ ജീവനക്കാർ തുടങ്ങിയ സൗകര്യങ്ങളും വേണ്ടതുണ്ട്‌. ലൈബ്രറി കൗൺസിലിന്റേതിന്‌ പുറമെ  കൂടുതൽ ഫണ്ട്‌ ലഭിച്ചാൽ ഈ കേന്ദ്രത്തിന്റെ വളർച്ചക്കും വികസനത്തിനും ഗുണപരമാവുമെന്നാണ്‌ വിലയിരുത്തൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top